തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവകേരള സദസ് ഇന്ന് സമാപിക്കാനിരിക്കെ തലസ്ഥാന നഗരത്തിൽ അടിയോടടി. രാവിലെ കോൺഗ്രസിന്റെ ഡിജിപി ഓഫീസ് മാർച്ച് തുടങ്ങിയതിന് പിന്നാലെ തുടങ്ങിയ സംഘർഷം പകൽ അവസാനിക്കാറിയിട്ടും കെട്ടടങ്ങിയിട്ടില്ല.
കോൺഗ്രസിന്റെ മാർച്ചിന് പിന്നാലെ ബിജെപി കൂടി തെരുവിൽ ഇറങ്ങിയതോടെ പോലീസിന് ആകെ പൊല്ലാപ്പായി. അതിനിടെ ജഗതിയിലെ സ്വന്തം വസതിക്ക് മുന്നിൽ കറുത്ത വേഷം അണിഞ്ഞ് ചാണ്ടി ഉമ്മൻ എംഎൽഎ കുത്തിയിരിപ്പ് നടത്തി.
തൊട്ടപ്പുറത്തായി ഡിവൈഎഫ്ഐ “രക്ഷാപ്രവർത്തകരും’ നടുക്ക് പോലീസും നിലയുറപ്പിച്ചതോടെ ഇവിടെയും സംഘർഷ അന്തരീക്ഷമാണ്. 35 ദിവസമായി സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിൽ കൂടി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ യാത്രയുടെ അവസാനദിനം പ്രതിപക്ഷ പ്രതിഷേധങ്ങൾ കൊണ്ട് സംഘർഷഭരിതമായി.
കല്യാശേരിയിൽ തുടങ്ങി ‘രക്ഷാപ്രവർത്തനം’
കണ്ണൂർ ജില്ലയിലെ കല്യാശേരി മണ്ഡലത്തിലാണ് പിണറായി കണ്ടെത്തിയ ‘രക്ഷാപ്രവർത്തനം’ ഡിവൈഎഫ്ഐക്കാർ തുടങ്ങിയത്. പിന്നീട് മുഖ്യമന്ത്രി സഞ്ചരിച്ച വഴികളിലെല്ലാം കറുത്ത തുണി ഉയർത്തിയ യൂത്ത് കോൺഗ്രസുകാർ തെരുവിൽ അടിവാങ്ങി.
അടിയുടെ കടുപ്പവും എണ്ണവും കൂടിയതോടെ കോൺഗ്രസ് നേതൃത്വത്തിനും എന്തു ചെയ്യുമെന്ന അങ്കലാപ്പായി. തെരുവിൽ പാർട്ടിയുടെ യുവജനങ്ങൾ അടിവാങ്ങുമ്പോൾ നേതൃത്വം നോക്കിയിരിക്കുന്നുവെന്ന വിമർശനം ഉയർന്നതോടെ കെപിസിസി നേതൃത്വം നയം മാറ്റി.
യൂത്ത് കോൺഗ്രസിന് ലാത്തിയടി, എസ്എഫ്ഐക്ക് തലോടൽ
പ്രതിഷേധിക്കാൻ തെരുവിലിറങ്ങിയ യൂത്ത് കോൺഗ്രസുകാരെ മുഖ്യമന്ത്രിയുടെ ഗൺമാനും കമാൻഡോസും ചേർന്ന് ആലപ്പുഴയിൽ തല്ലിയതാണ് പ്രതിപക്ഷത്തെ ഏറ്റവും അധികം പ്രകോപിപ്പിച്ചത്. പിന്നാലെയാണ് തിരിച്ചടിക്ക് സതീശൻ ആഹ്വാനം നൽകിയത്.
അതിനിടെ ഗവർണർക്കെതിരേ സമാന പ്രതിഷേധം നടത്തിയ എസ്എഫ്ഐ പ്രതിഷേധത്തെ പോലീസ് കൈകാര്യം ചെയ്ത രീതിയും പ്രതിപക്ഷം ഉയർത്തിക്കാട്ടി. യൂത്ത് കോൺഗ്രസുകാരെ വ്യാപകമായി തല്ലിയ പോലീസ് എസ്എഫ്ഐക്കാർക്ക് പാൽക്കുപ്പിയുമായി നടക്കുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പരിഹാസം.
അടിച്ചാൽ തിരിച്ചടിക്കും, കൊടുത്താൽ കൊല്ലത്തും കിട്ടും
സദസ് കൊല്ലത്ത് എത്തിയതിന് പിന്നാലെ അടിക്ക് തിരിച്ചടി എന്ന ലൈനിലേക്ക് കോൺഗ്രസ് നിലപാട് മാറ്റിയതാടെയാണ് ജീവൻ രക്ഷാപ്രവർത്തകർക്കും തല്ലുകിട്ടി തുടങ്ങിയത്. പിന്നീട് കണ്ടത് തെരുവുയുദ്ധമാണ്. കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസും പ്രതിരോധിക്കാൻ ഡിവൈഎഫ്ഐയും രംഗത്തുവന്നതോടെ പലയിടത്തും കൂട്ടത്തല്ലായി.
അടിച്ചാൽ തിരിച്ചടിക്കും കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നും പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്തതോടെ പോലീസിന് ജോലിയായി. മുഖ്യമന്ത്രിക്കായി പലവിധ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയെങ്കിലും യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി പ്രതിഷേധം തുടർന്നു.
പിണറായിയും സതീശനും നിത്യവും വാക്പോര്
സദസ് പുരോഗമിച്ചതോടെ മുഖ്യമന്ത്രിക്കെതിരേ രൂക്ഷ പരാമർശങ്ങളുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. തന്റെ മനോനില ശരിയല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് മന്ത്രിമാർ ഗുളിക നൽകാൻ മറക്കരുതെന്ന മറുപടിയാണ് സതീശൻ നൽകിയത്. പിന്നീടുള്ള ദിവസങ്ങളിലും ഇരുവരും തമ്മിലുള്ള പോർവിളി പതിവായിരുന്നു.
മുഖ്യമന്ത്രിക്ക് കവചമൊരുക്കി മന്ത്രിമാർ കൂടി രംഗത്തെത്തിയതോടെ സതീശനെതിരേ സംഘടിത ആക്രമണമായി. എന്നാൽ സതീശൻ മുഖ്യമന്ത്രിക്കൊപ്പം മന്ത്രി മുഹമ്മദ് റിയാസിനെതിരേയും രൂക്ഷ പരിഹാസം തുടർന്നുകൊണ്ടിരുന്നു.
സദസ് ജനങ്ങൾ ഏറ്റെടുത്തെന്ന് എൽഡിഎഫ്
മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങളിലേക്ക് ഇറങ്ങിയ നവകേരള സദസ് വൻ വിജയമെന്ന വിലയിരുത്തലിലാണ് എൽഡിഎഫ്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞുവെന്നും കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയും പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ എത്തിയെന്നാണ് എൽഡിഎഫ് കണക്കുകൂട്ടുന്നത്.
എന്നാൽ തെരുവിൽ പ്രതിപക്ഷ യുവജന സംഘടനകളിലെ പ്രവർത്തകരെ അടിച്ചൊതുക്കിയ സംഭവങ്ങളിൽ എൽഡിഎഫിൽ തന്നെ രണ്ട് അഭിപ്രായങ്ങളുണ്ട്.
സദസ് ജനരോഷം ഇരട്ടിയാക്കിയെന്ന് പ്രതിപക്ഷം
മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടിറങ്ങിയതോടെ സർക്കാരിനെതിരേയുള്ള ജനവികാരം ഇരട്ടിയായെന്ന വിലയിരുത്തലാണ് യുഡിഎഫിന്റേത്. സദസിനെതിരേ കടുത്ത ജനരോക്ഷം ഉണ്ടായെന്നും സർക്കാരിന്റെ ധൂർത്ത് ജനങ്ങൾക്ക് ബോധ്യപ്പെട്ടെന്നും യുഡിഎഫ് നേതൃത്വം കരുതുന്നു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് സർക്കാരിനെതിരേ കടുത്ത ജനരോഷം ഉണ്ടാകുമെന്നും നിലവിലെ സർക്കാർ വിരുദ്ധവികാരം മുതലാക്കാമെന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്.