തിരുവനന്തപുരം: നവംബർ 18ന് കാസർഗോഡ് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് ആരംഭിച്ച നവകേരള സദസിന് ഇന്ന് തലസ്ഥാനത്ത് സമാപനം. 35 ദിവസം പിന്നിട്ടാണ് നവകേരള സദസ് ഇന്ന് സമാപിക്കുന്നത്. കടുത്ത പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും ഇടയിലും നവകേരള സദസ് നടന്നു വരികയായിരുന്നു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കടന്നുപോകുന്ന യാത്രയിൽ തിരുവനന്തപുരത്തെ സ്ഥലങ്ങൾ താല്കാലിക റെഡ് സോണുകളായി പ്രഖ്യാപിച്ചു.
സർക്കാരിന്റെ നേട്ടങ്ങളും കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയും ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു നവകേരള യാത്രയുടെ ലക്ഷ്യം. യാത്രയുടെ തുടക്കം മുതൽ വിവാദങ്ങൾക്ക് തിരി കൊളുത്തിയായിരുന്നു പര്യടനം. ജനങ്ങളുമായി സംവദിച്ച് അവരുടെ പരാതികൾ ചെവികൊണ്ട് അവയ്ക്ക് പരിഹാരം കണ്ടെത്തി നൽകുക എന്നതായിരുന്നു നവകേരള സദസിന്റെ സുപ്രധാന ലക്ഷ്യം.
വൈകിട്ട് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സമാപന പരിപാടികൾ നടക്കുന്നത്. എന്നാൽ നവകേരള സദസിന്റെ സമാപന ദിവസം ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷം. ഇന്ന് ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും. നവ കേരള സദസിനെതിരെ യുവമോർച്ചയുടെ സെക്രട്ടറിയേറ്റ് മാർച്ചും ഇന്ന് നടക്കും.