മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ നിശിതവിമർശകൻ അലക്സി നവൽനി (47) ജയിലിൽ മരിച്ചു. റഷ്യൻ അധികാരകേന്ദ്രങ്ങളിലെ അഴിമതിക്കെതിരേ ഒരു പതിറ്റാണ്ടിലധികം പോരാടിയതിനു വധശ്രമവും അറസ്റ്റും തടവും നേരിടേണ്ടിവന്ന അദ്ദേഹം ഇന്നലെ സൈബീരിയയിലെ ജയിലിൽ അബോധാവസ്ഥയിലായെന്നും സ്ഥലത്തുവച്ചുതന്നെ മരിച്ചുവെന്നുമാണ് അറിയിപ്പ്. മരണകാരണം വ്യക്ത മാക്കിയിട്ടില്ല.
സൈബീരിയൻ മേഖലയിൽ ഉത്തരധ്രുവ ഭാഗത്തു സ്ഥിതി ചെയ്യുന്ന ‘സ്പെഷൽ റെഷീം’ ജയിലിലിൽ കഴിഞ്ഞിരുന്ന നവൽനി ഇന്നലെ നടത്തത്തിനു ശേഷം അസ്വസ്ഥത പ്രകടിപ്പിക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. അടിയന്തര മെഡിക്കൽ സംഘത്തെ വിളിച്ചുവരുത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നു റഷ്യയിലെ ഫെഡറൽ പ്രിസൺ സർവീസിന്റെ അറിയിപ്പിൽ പറയുന്നു.
തീവ്രവാദക്കുറ്റത്തിനു 19 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട നവൽനിയെ സെൻട്രൽ റഷ്യയിലെ ജയിലിൽനിന്നു ഡിസംബറിലാണ് അതീവ സുരക്ഷയുള്ള സൈബീരിയൻ ജയിലിലേക്കു മാറ്റിയത്. കൊടുംതണുപ്പു നിറഞ്ഞ പ്രദേശത്തേക്കു നവൽനിയെ മാറ്റിയതിൽ അദ്ദേഹത്തിന്റെ അനുയായികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
അഴിമതിക്കെതിരായ പോരാട്ടത്തിലൂടെ ജനപ്രീതി നേടിയ നവൽനി പ്രസിഡന്റ് പുടിന്റെ ഏറ്റവും വലിയ വിമർശകനായിരുന്നു. അദ്ദേഹത്തിന്റെ വീഡിയോകൾ ദശലക്ഷക്കണക്കിനു പേരാണു കണ്ടത്.
2018ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പുടിനെതിരേ മത്സരിക്കാൻ ശ്രമിച്ചെങ്കിലും നിരോധനം നേരിട്ടു. 2020ൽ സൈബീരിയയിൽവച്ച് വിഷപ്രയോഗം നേരിട്ട നവൽനി ജർമനിയിലെ ചികിത്സയിലാണു സുഖംപ്രാപിച്ചത്. രാസായുധമാണ് അദ്ദേഹത്തിനെതിരേ പ്രയോഗിച്ചതെന്നു പിന്നീട് കണ്ടെത്തി.
2021 ജനുവരിയിൽ ജർമനിയിൽനിന്നു റഷ്യയിൽ മടങ്ങിയെത്തിയ ഉടൻ നവൽനി അറസ്റ്റിലായതാണ്. പരോൾലംഘനം, തട്ടിപ്പ്, കോടതിയലക്ഷ്യം മുതലായ കുറ്റങ്ങൾക്ക് ഒന്പതുവർഷത്തെ തടവാണ് ആദ്യം ലഭിച്ചത്.
തീവ്രവാദ സംഘടന സ്ഥാപിച്ചു പണംസമാഹരിച്ചെന്ന കുറ്റത്തിന് കഴിഞ്ഞ ഓഗസ്റ്റിൽ 19 വർഷത്തെ ശിക്ഷയും വിധിക്കപ്പെട്ടു. അദ്ദേഹത്തിനെതിരായ കേസുകളെല്ലാം രാഷ്ട്രീയപ്രേരിതമെന്ന് ആരോപിക്കപ്പെടുന്നു.