പേരാമ്പ്ര: ദീപിക പേരാമ്പ്രയില്‍ കഴിഞ്ഞ ഏഴു ദിവസങ്ങളായി നടത്തിവരുന്ന കാര്‍ഷിക മേളയില്‍ ഭിന്ന ശേഷിക്കാരനായ നവീന്‍ വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച സ്റ്റാള്‍ വൈവിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായി.
പേരാമ്പ്ര രാമല്ലൂര്‍ ചെറായി സന്തോഷ, സുമിത്ര ദമ്പതികളുടെ മകന് പതിമുന്ന് കാരനായ നവീന്റെ ചരിത്രമറിയുമ്പോള്‍ കാണികള്‍ക്ക് അതിശയത്തോടൊപ്പം നൊമ്പരവുമായി. പ്രകൃതിയുടെ മനോഹര കാഴ്ചകളാണ് നവീന്റെ ചിത്രത്തിലേറെയും വിരിയുന്നത്.
വർണക്കൂട്ടുകള്‍ ചാലിച്ചെഴുതുന്ന സീനറികള്‍ കാണികള്‍ കണ്ണെടുക്കാതെ നോക്കിനില്ക്കുന്നവയാണ്. നാലുവയസുവരെ കുട്ടിക്കൂട്ടുകാര്‍ക്കൊപ്പം പാറിപ്പറന്നു നടന്ന നവീന്‍ ഇന്ന് വീല്‍ച്ചെയറിലിരുന്നാണ് സുന്ദര ചിത്രങ്ങള്‍ വരച്ചുകൂട്ടുന്നത്.
കല്പ്പത്തൂര് എയുപി സ്കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നവീനെ അസുഖം ബാധിക്കുന്നത്. കാലിലെ മസിലുകളുടെ ബലംകുറഞ്ഞ് സാവധാനം നടക്കാനാകാത്ത സ്ഥിതിയിലാകുകയായിരുന്നു. നാലാം ക്ലാസിലെത്തിയതോടെ പൂർണമായും വീൽചെയറിലായി.
കോഴിക്കോട് മെഡിക്കല്‍ കോളജിലും വെല്ലൂരും മണിപ്പാലിലുമെത്തിച്ച് ചികിത്സിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. കാര്യമായൊന്നും ചെയ്യാനില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. ആകാവുന്നത്ര ആയുർവേദ ചികിത്സകളും നത്തി.ആദ്യമൊക്കെ അമ്മ സുമിത്ര നവീനെ എടുത്ത് സ്കൂളിലെത്തിച്ചിരുന്നു.
അങ്ങനെ നാലാം ക്ലാസുവരെ നവീന്‍ സ്കൂളിലെത്തി പഠനം നടത്തി.പിന്നീട് ബിആര്‍സിയില്‍ നിന്ന് അധ്യാപകന് വീട്ടിലെത്തി ഏഴാം ക്ലാസുവരെ പഠിപ്പിച്ചു. ചിത്ര രചനയില്‍ നവീന്‍ പ്രത്യേക പരിശീലനമൊന്നും ലഭിച്ചിട്ടില്ല. ജന്മനാലുള്ള കഴിവിനെ നവീന്‍ തന്നെ വളര്‍ത്തിയെടുത്താണ് ചിത്രങ്ങള്‍ തീര്‍ക്കുന്നത്.
ചിത്ര രചന കൂടതെ കടാസു പേനകള്‍ നിർമിക്കുന്നതിലും നവീന്‍ വിദഗ്ധനാണ്. നൊച്ചാട് ഗ്രാമപഞ്ചായത്തിന്റെ മാസച്ചന്തയില്‍ നവീന്റെ കടാസുപേനകള് വില്‍പ്പനയ്ക്കെത്താറുണ്ട്. മേളയില്‍ നവീന്റെ സാന്നിധ്യമില്ലെങ്കിലും നിരത്തിയിരിക്കുന്ന ചിത്രങ്ങള്‍ കാണാന്‍ സന്ദര്‍ശകരുടെ തിരക്കാണ്.