കായംകുളം: വിദ്യാര്‍ഥികളുടെ ക്രിക്കറ്റ് കളിക്കിടെ ബാറ്റായി ഉപയോഗിച്ച തടിക്കഷ്ണം തലയില്‍ പതിച്ച് മരണമടഞ്ഞ ആറാം ക്ലാസുകാരന് വിട നൽകി സഹപാഠികളും നാട്ടുകാരും. ചാരുംമൂട് ചുനക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയായ ചാരുംമൂട് പുതപ്പള്ളി കുന്നം വിനോദ്ഭവനില്‍ വിനോദ് -ധന്യ ദമ്പതികളുടെ മകന് നവനീത് (11) ആണ് ഇന്നലെ സ്കൂളില്‍ വിദ്യാര്‍ഥികളുടെ ക്രിക്കറ്റ്കളിക്കിടെ ദാരുണാന്ത്യമുണ്ടായത്.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ സ്കൂളിനോട് ചേര്‍ന്ന മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന മുതിര്‍ന്ന കുട്ടികളുടെ കൈയില്‍ നിന്നും ക്രിക്കറ്റ് ബാറ്റായി ഉപയോഗിച്ച തടിക്കഷണം അതുവഴി വന്ന നവനീതിന്റെ തലയില്‍ അബദ്ധത്തില്‍ പതിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മാത്രമേ മരണം സംബന്ധിച്ച് വ്യക്തമായ വിവരം ലഭിക്കുകയുള്ളു.