ഹനീഫ് അദേനി സംവിധാനം ചെയ്ത മാസ് ആക്ഷൻ ചിത്രം മിഖായേലിൽ നിവിൻപോളിയുടെ അനിയത്തിയായി വേഷമിട്ടതിന്റെ സന്തോഷത്തിലാണ് കോഴിക്കോട് ദേവഗിരി സിഎംഐ പബ്ളിക് സ്കൂളിലെ പ്ലസ് വണ് വിദ്യാർഥി നവനി ദേവാനന്ദ്. ഹീറോയ്ക്കൊപ്പവും മുഖ്യവില്ലനൊപ്പവും സ്ക്രീൻ സ്പേസ്. കഥയെ മുന്നോട്ടു നയിക്കുന്ന, ക്ലൈമാക്സ് വരെ നിറഞ്ഞുനിൽക്കുന്ന കാരക്ടർ. ഈ സിനിമയിലെത്തുംവരെ കരാട്ടെയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന നവനിക്ക് അതു പഠിച്ചു നിർണായകമായ ആക്ഷൻ രംഗങ്ങളിൽ അനായാസം പെർഫോം ചെയ്യാനായതു കലാമണ്ഡലം സരസ്വതി ടീച്ചറിന്റെ മേൽനോട്ടത്തിൽ 12 വർഷമായി തുടരുന്ന നൃത്തജീവിതം പകർന്ന ആത്മവിശ്വാസം. യുവതാരം നവനി സംസാരിച്ചു തുടങ്ങുന്നു….
കലാപരമായ പശ്ചാത്തലമാണോ സിനിമയിലെത്തിച്ചത്… ?
എംടി സാറിന്റെ ഭാര്യ കലാമണ്ഡലം സരസ്വതി ടീച്ചറിന്റെ മേൽനോട്ടത്തിൽ ടീച്ചറിന്റെ മകൾ അശ്വതി മിസിന്റെയും ഭർത്താവ് ശ്രീകാന്ത് സാറിന്റെയും ശിക്ഷണത്തിൽ നാലു വയസു മുതൽ ക്ലാസിക്കൽ ഡാൻസ് പഠിക്കുന്നു. ചെന്നൈയിലൊക്കെ ഭരതനാട്യം സോളോ കണ്സേർട്ടിന് അവർ അവസരമൊരുക്കിയിട്ടുണ്ട്.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, ഓട്ടൻതുള്ളൽ..തുടങ്ങിയവയൊക്കെ ചെയ്യാറുണ്ട്. സംസ്ഥാനതലത്തിൽ വരെ സമ്മാനം കിട്ടിയിട്ടുണ്ട്. ഡാൻസാണു പാഷൻ. വെസ്റ്റേണും ബെല്ലി ഡാൻസും ഉൾപ്പെടെ ട്രൈ ചെയ്യാറുണ്ട്. എട്ടാം ക്ലാസ് വരെ പാട്ടും പഠിച്ചിരുന്നു. പാലാ സി.കെ. രാമചന്ദ്രൻ സാറാണ് ശാസ്ത്രീയസംഗീതം അഭ്യസിപ്പിച്ചത്. ടി.എച്ച്. ലളിത മിസാണ് വയലിൽ പഠിപ്പിച്ചത്. നാലാം ക്ലാസിൽ പഠിക്കുന്പോൾ സത്യൻ അന്തിക്കാട് സാറിന്റെ സ്നേഹവീട് എന്ന സിനിമയിൽ ബിജുമേനോൻ അങ്കിളിന്റെ മകളായിട്ടാണു സിനിമയിലെ തുടക്കം. പിന്നീടു വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന പടത്തിൽ ശ്യാമിലിയുടെ ചെറുപ്പം ചെയ്തിരുന്നു.
മിഖായേലിലേക്കുള്ള വഴി…?
മിഖായേലിൽ നിവിന്റെ അനിയത്തിയായി അഭിനയിക്കാൻ കഴിവുള്ള കുട്ടിയെ തേടി അതിന്റെ അണിയറപ്രവർത്തകർ സ്കൂളുകൾ സന്ദർശിക്കുന്നുണ്ടായിരുന്നു. അങ്ങനെ അവർ എന്റെ സ്കൂളിലുമെത്തി. കരാട്ടെ അഭ്യസിച്ചവർക്കായിരുന്നു മുൻഗണന. സ്കൂളിൽ ഞങ്ങൾക്കു കരാട്ടെ പഠിപ്പിക്കുന്ന ക്ലാസുണ്ട്. പക്ഷേ, അതിൽ ഞാനില്ല. ഞാൻ ഫൈൻ ആർട്സിലാണു ചേർന്നിരുന്നത്. കരാട്ടെ പഠിക്കുന്ന കുട്ടികളെയൊക്കെ ഓഡീഷന് അയച്ചു.
ഞാൻ ഡാൻസ് ചെയ്യുന്ന കാര്യം പ്രിൻസിപ്പലിനറിയാം. അങ്ങനെ എന്നെയുംകൂടി വിളിപ്പിച്ചു. പ്രോപ്പർ ഓഡീഷനൊന്നും ആയിരുന്നില്ല. എന്നോടു സംസാരിച്ചു. കരാട്ടെ അറിഞ്ഞിരിക്കണം എന്നതു നിർബന്ധമായിരുന്നു. വീട്ടിൽ വിളിച്ചു പേരന്റ്സിനോടു ഫോട്ടോയും വീഡിയോയും അയയ്ക്കാൻ പറഞ്ഞു.
അമ്മയുടെ ഒരു സ്റ്റുഡന്റ് അരമണിക്കൂറിനുളളിൽ പഠിച്ചെടുക്കാവുന്ന ചില ആക്ഷനുകളൊക്കെ പഠിപ്പിച്ചു. ഡാൻസ് പഠിച്ചതുകൊണ്ട് ശരീരം വഴങ്ങുന്നുണ്ടായിരുന്നു. രണ്ടു ദിവസത്തിനുശേഷം ഡയറക്ടറിനെ നേരിൽ കണ്ടപ്പോൾ അറിയാവുന്ന ആക്ഷനുകൾ കാണിച്ചു. കുഴപ്പമില്ല, ഡെവലപ് ചെയ്തെടുക്കാം എന്നായിരുന്നു വിലയിരുത്തൽ. അവരുടെ നിർദേശ പ്രകാരം സ്കൂളിൽ കരാട്ടെ പഠിപ്പിക്കുന്ന സിദ്ധിക് സാറിന്റെ ട്രെയിനിംഗിൽ കരാട്ടെ പരിശീലിച്ചു. പക്ഷേ, ആകെക്കൂടി അഞ്ചാറുദിവസമേ പോകാനായുള്ളൂ. അപ്പോഴേക്കും ഷൂട്ടിംഗ് തുടങ്ങി. അതിനകം സാർ പ്രധാന ഐറ്റംസ് പഠിപ്പിച്ചിരുന്നു. അങ്ങനെ ഈ സിനിമയ്ക്കുവേണ്ടി ഞാൻ കരാട്ടെ പഠിച്ചു.
സെറ്റിൽ സ്റ്റണ്ട് മാസ്റ്റേഴ്സ് ഏറെ ഹെൽപ്ഫുൾ ആയിരുന്നു. ഡാൻസുപോലെ സ്റ്റെപ് ബൈ സ്റ്റെപ് ആയി ആദ്യം ഒരു കിക്ക് പിന്നെ പഞ്ച് എന്ന തരത്തിൽ നന്നായി പറഞ്ഞുതരുന്നുണ്ടായിരുന്നു. ഡാൻസ്പരിചയമുള്ളതിനാൽ എളുപ്പത്തിൽ പഠിക്കാനായി. കലാമണ്ഡലം സരസ്വതി ടീച്ചറിന്റെ മേൽനോട്ടത്തിലുള്ള നൃത്തപഠനത്തിലൂടെ കിട്ടിയ ആത്മവിശ്വാസം ഒന്നുകൊണ്ടുതന്നെയാണ് എനിക്കു കരാട്ടെ പെട്ടെന്ന് പഠിച്ചു ചെയ്യാനായത്.
മിഖായേലിലെ കഥാപാത്രത്തെക്കുറിച്ച്…?
ജെനിഫർ അഥവാ ജെനി എന്നാണ് എന്നാണ് എന്റെ കാരക്ടറിന്റെ പേര്. ഏറെ സ്മാർട്ട് ബോൾഡ് പെണ്കുട്ടിയാണു ജെനി. സഹോദരൻ – സഹോദരി ബന്ധങ്ങളിൽ പലപ്പോഴുമുള്ളതുപോലെ വർത്തമാനങ്ങളിൽ ചേട്ടനെ കുറച്ചു ഡീഗ്രേഡിംഗ് ചെയ്തു സംസാരിക്കുന്ന കഥാപാത്രമാണു തുടക്കത്തിൽ ജെനി. പക്ഷേ, ജെനിക്കു ചേട്ടനെ ഒരുപാടിഷ്ടമാണ്, ഏറെ കരുതലുണ്ട്.
ജെനി തന്നെയാണോ നവനി…?
ജെനിയുടെ കാരക്ടറിന് എന്റെ കാരക്ടറുമായി നല്ല വ്യത്യാസമുണ്ട്. എനിക്ക് അടി, ഇടി എന്നിവയിലൊന്നും എനിക്കു യാതൊരു താത്പര്യവുമില്ല. ഒരാളെ കണ്ടയുടൻ നേരിട്ട് ഇടതടവില്ലാതെ സംസാരിക്കുന്ന രീതിയല്ല എന്റേത്. പിന്നീടു പരിചയത്തിലാകുന്പോൾ നന്നായി സംസാരിക്കും. പക്ഷേ, ജെനി ഏറെ സ്മാർട്ടായ കുട്ടിയാണ്. പക്ഷേ, സെറ്റിലെത്തിയപ്പോൾ ജെനിയായി മാറാൻ പ്രയാസമൊന്നുമുണ്ടായിരുന്നില്ല.
ഏറെ പ്രാധാന്യമുള്ള റോൾ ആണെന്ന് സെലക്ഷൻ കിട്ടിയപ്പോൾ അറിയാമായിരുന്നോ….?
നിവിൻപോളിയുടെ അനിയത്തിയെ തേടി എന്നു പറഞ്ഞാണ് സ്കൂളിൽ വന്നത്. കരാട്ടെയ്ക്കു നല്ല പ്രാധാന്യമുണ്ടെന്നു പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ സാധാരണ അനിയത്തി റോൾ അല്ലെന്നു മനസിലായി. എന്നാൽ ഒരുപാടൊന്നും പ്രതീക്ഷിച്ചില്ല. സെലക്ഷനുശേഷം അവർ സ്റ്റോറി ലൈൻ പറഞ്ഞപ്പോഴാണ് എത്രത്തോളം പ്രാധാന്യമുണ്ടെന്നു മനസിലായത്. ക്ലൈമാക്സിനെക്കുറിച്ച് അപ്പോൾ ഒന്നും പറഞ്ഞിരുന്നില്ല. ചെയ്തു വന്നപ്പോഴാണ് ക്ലൈമാക്സിലും പ്രാധാന്യമുള്ള റോൾ ആണെന്നു മനസിലായത്.
സെറ്റിലെ അനുഭവങ്ങൾ…?
ഞാനായിരുന്നു സെറ്റിൽ ഏറ്റവും പ്രായം കുറഞ്ഞ ആൾ. മിക്ക ദിവസങ്ങളിലും സെറ്റിൽ ഏറെയും വില്ലന്മാരായി വേഷമിടുന്നവരായിരുന്നു. അനിയത്തിക്കുട്ടി എന്ന ഒരു പരിഗണന എപ്പോഴും എനിക്കു സെറ്റിൽ കിട്ടിയിരുന്നു. രസകരമായിരുന്നു സെറ്റിലെ ദിവസങ്ങൾ. സിനിമയിലെ കാണുന്പോൾ കിട്ടുന്ന മാസ് ഫീൽ ഒന്നുമായിരുന്നില്ല സെറ്റിൽ. ഏറെ കൂൾ ആയിരുന്നു സെറ്റിലെ മൂഡ്.
ഇമോഷണൽ സീനുകളാണ് ആദ്യം ഷൂട്ട് ചെയ്തത്. അതു ചെയ്തുചെയ്തു വന്നപ്പോൾ എല്ലാവരുമായും ഞാൻ കംഫർട്ടബിൾ ആയിക്കഴിഞ്ഞിരുന്നു. ഡയറക്ടർ ഹനീഫ് അദേനി സാർ സീൻ നന്നായി പറഞ്ഞുതന്നിരുന്നു; എന്താണു വേണ്ടത്, എങ്ങനെയാണു ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളൊക്ക. ഞാൻ തന്നെയാണ് ജെനിക്കു ശബ്ദം കൊടുത്തത്. ആദ്യമായിട്ടാണു ഡബ്ബ് ചെയ്തത്. തുടക്കത്തിൽ എനിക്ക് നല്ല ടെൻഷനുള്ള കാര്യമായിരുന്നു ഡബ്ബിംഗ്. അദേനി സാറിന്റെ സപ്പോർട്ടിൽ കുഴപ്പമില്ലാതെ ചെയ്യാനായി.
നിവിനൊപ്പം സ്ക്രീനിൽ വരുമെന്ന് എപ്പോഴെങ്കിലും വിചാരിച്ചിട്ടുണ്ടോ…?
ഒരിക്കലും വിചാരിച്ചിട്ടില്ല. നിവിൻ ചേട്ടൻ ഏറെ ഫ്രണ്ട്ലിയാണ്, ഫണ്ണിയാണ്. സെറ്റിൽ എപ്പോഴും സന്തോഷകരമായ മൂഡ് ക്രിയേറ്റ് ചെയ്യാൻ ശ്രമിക്കും. കരയുന്ന സീൻ ആണെങ്കിൽ പോലും ‘നോക്കിക്കോ, നിന്നെ ഞാൻ എന്തായാലും ചിരിപ്പിക്കും’ എന്നൊക്കെ പറഞ്ഞ് എന്നെ ഏറെ കൂൾ ആക്കിയിട്ടാണ് അഭിനയിപ്പിച്ചുകൊണ്ടിരുന്നത്.
കാറിനകത്തുള്ള സീക്വൻസുകളിലാണ് നിവിൻ ചേട്ടനുമായി ഏറെ കംഫർട്ടായി തോന്നിയത്. കാരണം, കാറിൽ കാമറ അറ്റാച്ച് ചെയ്തു ഞങ്ങളെ റോഡിലേക്കു വിടുകയാണ്. കൂടെ ക്രൂവോ സെറ്റോ ആരുമില്ല. മറ്റിടങ്ങളിലാകുന്പോൾ കൂടുതൽ ആളുകൾ നോക്കാനുണ്ടാവും. കാറിലാകുന്പോൾ നല്ല രസമാണ്. കുറേ സംസാരിക്കും, കോമഡിയൊക്കെ പറയും.
എനിക്കു നിവിൻ ചേട്ടനുമായി ആദ്യ ദിവസം തന്നെ കോംബിനേഷൻ ഉണ്ടായിരുന്നു. നിവിൻചേട്ടനെ കളിയാക്കി ഇൻസൾട്ട് ചെയ്യുന്ന ഒരു ഡയലോഗാണ് ആദ്യമായി ഞാൻ പറഞ്ഞത്. അതുവരെ ഞാൻ നിവിൻ ചേട്ടനുമായി ഒന്നും സംസാരിച്ചിട്ടുണ്ടായിരുന്നില്ല. സെറ്റിലെത്തിയപ്പോൾ കണ്ണിൽനോക്കി ആദ്യം പറഞ്ഞത് അത്തരം ഡയലോഗാണ്. എങ്ങനെ ഇത്തരം ഡയലോഗ് എങ്ങനെ പറയും എന്ന ഒരു തോന്നൽ ആദ്യമുണ്ടായിരുന്നു. പക്ഷേ, ആക്ഷൻ പറഞ്ഞപ്പോഴേക്കും കുഴപ്പമൊന്നുമില്ലാതെ ചെയ്യാനായി.
നന്നായി ചെയ്തിട്ടുണ്ടെന്നു ഫുൾ മൂവി കണ്ടശേഷം നിവിൻചേട്ടൻ പറഞ്ഞിരുന്നു. അതൊക്കെ കേട്ടപ്പോൾ സന്തോഷമായി. ആദ്യ ദിവസം തന്നെ ഞങ്ങൾ ഒരുമിച്ചു സിനിമ കണ്ടിരുന്നു.
സിദ്ധിക്കുമായുള്ള അനുഭവങ്ങൾ…?
ഷൂട്ടിംഗ് തുടങ്ങി ആദ്യത്തെ പത്തു ദിവസം വീടിനകത്തുള്ള എന്റെ സീനുകളാണ് എടുത്തത്. രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസമായിരുന്നു സിദ്ധിക് സാറുമായുള്ള കോംബിനേഷൻ സീൻ. അവരുമായൊന്നും എനിക്കു വലിയ പരിചയമുണ്ടായിരുന്നില്ല. ഞാൻ എത്രത്തോളം ചെയ്യും, നന്നായി വരുമോ എന്നൊക്കെ സിദ്ധിക് സാർ ഉൾപ്പടെ എല്ലാവർക്കും പേടിയുണ്ടായിരുന്നു. ഇന്നു സിദ്ധിക് സാറുമായിട്ടാണു കോംബിനേഷൻ എന്നൊക്കെ സെറ്റിൽ ആളുകൾ പറയുന്നുണ്ടായിരുന്നു. പക്ഷേ, സാർ വന്നുകഴിഞ്ഞപ്പോൾ എനിക്ക് ഒരു പ്രശ്നവും തോന്നിയില്ല. സീനിൽ ഏറെ ഇൻവോൾവ്ഡ് ആയിട്ടാണ് അദ്ദേഹം ഡയലോഗുകൾ പറഞ്ഞത്.
ഡയറക്ടർ തന്നെയാണ് സീനുകൾ സംബന്ധിച്ച കാര്യങ്ങൾ ഏറെയും പറഞ്ഞുതന്നത്. കുറച്ചുകൂടി ഇങ്ങോട്ട് ഇരുന്നോ എന്ന രീതിയിലൊക്കെ സിദ്ധിക് സാർ ചെറിയ സജഷനുകൾ തന്നിരുന്നു. സിദ്ധിക് സാറുമായുള്ള കൗണ്ടർ എക്സ്പ്രഷൻ എടുത്തത് അദ്ദേഹം ഇല്ലാത്ത മറ്റൊരു ദിവസമാണ്. കാരണം, സാറിന്റെ ഡേറ്റ് കുറവായിരുന്നതിനാൽ സാർ ഉൾപ്പെട്ട സീനുകളെല്ലാം ഒന്നിച്ചുതന്നെ എടുക്കുകയായിരുന്നു.
പറവയിലെ ഇച്ചാപ്പി, അമൽഷായുമായി ഒന്നിച്ച് അഭിനയിക്കാനായല്ലോ…?
ഇതിൽ ജെറാൾഡ് എന്നാണ് അമലിന്റെ കഥാപാത്രത്തിന്റെ പേര്. അങ്ങനെയൊരാളിന്റെ സാന്നിധ്യം നമ്മൾ സെറ്റിൽ അറിയില്ലായിരുന്നു. സെറ്റിൽ ഏതെങ്കിലുമൊരു ഭാഗത്ത് മിണ്ടാതെ ഇരിക്കുന്നുണ്ടാവും അമൽ. സീനെടുക്കുന്ന ആ ടൈമിൽ വരും, ചെയ്യും. അല്ലാതെ അധികം സംസാരിച്ചിട്ടൊന്നുമില്ല. ഏറെയും സ്കൂൾ സീനുകളിലാണ് ഞങ്ങൾ ഒന്നിച്ചുവരുന്നത്.
സ്കൂൾ സീനുകൾ ചിത്രീകരിച്ചപ്പോൾ….?
കോഴിക്കോട് സദ്ഭാവന എന്ന സ്കൂളിലായിരുന്നു സ്കൂൾ സീനുകൾ ചിത്രീകരിച്ചത്. ആ സ്കൂളിലെ കുറേ കുട്ടികളും ഇപ്പോൾ ഞാൻ പഠിക്കുന്ന സ്കൂളിലെ കുട്ടികളുമാണ് എനിക്കൊപ്പം സ്കൂൾ സീനുകളിൽ വരുന്നത്. ഷൂട്ടിനിടെ അവർ കാണാൻ വന്നിരുന്നു. ഏതൊക്കെയോ കുട്ടികൾ എന്റെയടുത്തു വന്ന് ഓട്ടോഗ്രാഫ് വാങ്ങി. അത്തരം അനുഭവങ്ങളൊക്കെ ആദ്യമായിട്ടാണ്.
ഷൂട്ടിംഗിനിടെ ആ സ്കൂളിലെ യൂണിഫോം ഇട്ട് ഞാൻ വെറുതേ പ്ലേഗ്രൗണ്ടിലൊക്കെ നടക്കുന്പോൾ അവിടത്തെ പി.ടി സാർ എന്നെ വഴക്കുപറയാൻ വേണ്ടി വന്നു. ഞാൻ അവിടത്തെ കുട്ടിയാണ്, ഷൂട്ടിംഗ് കാണാൻ നിൽക്കുകയാണ് എന്നൊക്കെയാണ് അദ്ദേഹം വിചാരിച്ചത്. കാര്യമറിഞ്ഞപ്പോൾ ‘സോറി, എനിക്കു മനസിലായില്ല’ എന്നു പറഞ്ഞ് സാർ അവിടെനിന്നുപോയി. ടീച്ചർമാരിൽ ഒരാളായി വേഷമിട്ടത് ആ സ്കൂളിലെ ഒരു മിസ് തന്നെയാണ് .
മഞ്ജിമയ്ക്കൊപ്പവും കോംബിനേഷൻ സീനുണ്ടല്ലോ…?
മഞ്ജിമചേച്ചിയുമായി മൂന്നാലുദിവസം ഒന്നിച്ചുണ്ടായിരുന്നു. ചേച്ചിക്ക് എന്നെ വലിയ കാര്യമായിരുന്നു. ആദ്യം അങ്ങോട്ടു സംസാരിക്കാൻ ചെറിയ മടിയുണ്ടായിരുന്നു. ‘എന്താ മിണ്ടില്ലേ, സംസാരിക്കില്ലേ..നമുക്കു ഫോട്ടോയെടുക്കാം’ എന്നൊക്കെ പറഞ്ഞ് ചേച്ചി എന്നെ കന്പനിയാക്കി. പോകാൻനേരം എന്നെ കെട്ടിപ്പിടിച്ചിട്ടാണു മടങ്ങിയത്. അമ്മയായി വേഷമിട്ടതു ശാന്തികൃഷ്ണ ചേച്ചി. സ്റ്റെപ് ഫാദറായി അശോകൻ ചേട്ടനും. അങ്ങനെ കുറേപ്പേരുമായി കോംബിനേഷൻ വന്നു. അതൊക്കെ സന്തോഷം.
സിനിമ ഇറങ്ങിയതിനു ശേഷം പ്രേക്ഷകരുടെ പ്രതികരണങ്ങൾ…?
റിലീസ് ദിവസം ഫാമിലിക്കൊപ്പമാണ് സിനിമ കാണാൻ പോയത്. ഇന്റർവെൽ ടൈമിൽ എറണാകുളത്ത് ഒരു തിയറ്റിൽ എത്തിയപ്പോൾ കുറേപ്പേർഎന്നെ തിരിച്ചറിഞ്ഞു. ഒന്നിച്ചു ഫോട്ടോസ് എടുത്തു. പഴയ സ്കൂളിലെ ഫ്രണ്ട്സും നല്ല അഭിപ്രായം പറഞ്ഞു. നന്നായിട്ടുണ്ടെന്നു സിനിമ കണ്ടവരുടെ മെസേജുകൾ വന്നപ്പോൾ ഏറെ സന്തോഷമായി. കാരണം, കരാട്ടെയൊക്കെ ഞാൻ ജീവിതത്തിൽ ഒരിക്കലും ചെയ്യുമെന്നു വിചാരിക്കാത്ത കാര്യങ്ങളാണ്.
ഉണ്ണിമുകുന്ദനൊപ്പം…?
ഉണ്ണിച്ചേട്ടനുമായി കുറച്ചു സീനുകളേ എനിക്ക് ഉണ്ടായിരുന്നുള്ളുവെങ്കിലും ഞങ്ങൾ കുറേ ദിവസം സെറ്റിൽ ഒന്നിച്ച് ഉണ്ടായിരുന്നു. കാരണം, ക്ലൈമാക്സ് സ്റ്റണ്ട് തന്നെ എട്ടു ദിവസമെടുത്താണ് ഷൂട്ട് ചെയ്തത്. ഉണ്ണിച്ചേട്ടനും എന്നെ ഏറെ ഹെൽപ്പ് ചെയ്തിരുന്നു.
ഈ സിനിമയിൽ ചലഞ്ചിംഗ് ആയ അനുഭവം ..?
ഞാൻ അതേവരെ ട്രൈ ചെയ്യാത്ത കാര്യം ആയതിനാൽ കരാട്ടെ തന്നെയാണു കുറച്ചു ചലഞ്ചിംഗ് ആയി തോന്നിയത്. ഇപ്പോഴും കരാട്ടെ കാര്യമായൊന്നും പഠിച്ചിട്ടില്ല. കുറച്ചു കിക്സും ബ്ലോക്സും വശത്താക്കി.
മിഖായേൽ അനുഭവങ്ങളിൽ പോസിറ്റീവ് ആയി തോന്നിയത്..?
മിഖായേൽ സിനിമയുടെ മൊത്തം ടീം തന്നെ. നിവിൻ ചേട്ടൻ, ഹനീഫ് അദേനി സർ, അസിസ്റ്റന്റ് ഡയറക്ടേസ്… ആ കോംബിനേഷൻ. അവരെല്ലാം നമ്മുടെയൊക്കെയടുത്ത് ഏറെ തമാശമട്ടിലാണ് പെരുമാറിയിരുന്നത്. പക്ഷേ, വർക്കിലേക്കു വരുന്പോൾ അവർ നന്നായി ചെയ്തിരുന്നു. ആ ടീം വർക്കാണ് പോസിറ്റീവായി തോന്നിയത്.
വീട്ടിൽ നിന്നു നല്ല സപ്പോർട്ടാണല്ലോ…?
അച്ഛൻ അനു ദേവാനന്ദ് ഡോക്ടറാണ്. കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നു. അമ്മ എൻജിനിയറാണ്. ഇപ്പോൾ പ്രൈവറ്റായി ഇന്റീരിയർ ഡിസൈനിംഗിൽ ലക്ചറർ ആയി വർക്ക് ചെയ്യുന്നു. അമ്മയുടെ വീട് കോട്ടയത്താണ്. അച്ഛന്റെ വീട് എറണാകുളത്തും. അച്ഛൻ മ്യൂസിക് പ്രോഗ്രാംസ് ചെയ്യാറുണ്ട്. കിഷോർ കുമാറിന്റെ പാട്ടുകളാണു പാടുന്നത്.
അമ്മ ഹേമ ദേവാനന്ദ് റിയാലിറ്റി ഷോയിൽ പങ്കെടുത്തിട്ടുണ്ട്. അമൃത വനിതാരത്നം സീസണ് 4-ൽ ഫൈനലിസ്റ്റായിരുന്നു. ഏഷ്യാനെറ്റ് മിസിസ് കേരളയിൽ ഫസ്റ്റ് റണ്ണർ അപ്പ് അയിരുന്നു. അവരുടെ ജീവിതത്തിന്റെ ഭാഗമാണ് ആർട്ട്. അതിനാൽ ആദ്യം മുതൽ അവരും എല്ലാറ്റിനും ഏറെ സപ്പോർട്ടാണ്.
സത്യത്തിൽ ഞാൻ ഏതു കാര്യത്തിലും തുടക്കത്തിൽ നോ പറയുന്ന ആളാണ്. സിനിമയിൽ നിന്നു വിളിച്ചിട്ടുണ്ട്, ഫോട്ടോ അയയ്ക്കാം, സാർ വിളിച്ചിട്ടുണ്ട് പോകാം എന്നൊക്കെ അവർ പറയുന്പോൾ പോകണോ, കിട്ടുമോ എന്നൊക്കെയാവും എന്റെ മറുചോദ്യം. എന്തായാലും പോകണം, നമുക്കു ചെയ്യാവുന്നതാണെങ്കിൽ ചെയ്യണം എന്നു പറഞ്ഞ് ഫുൾ സപ്പോർട്ട് ചെയ്യുന്നത് അച്ഛനും അമ്മയും തന്നെ. എന്നെ സ്ക്രീനിൽ കാണണമെന്ന് എന്നെക്കാൾ കൂടുതൽ ആഗ്രഹം അവർക്കാണ്. ഇപ്പോൾ അവർ എന്നെക്കാൾ ഏറെ ഹാപ്പിയാണ്.
പഠനവും അഭിനയവും ഒന്നിച്ചു കൊണ്ടുപോകുമോ…?
കുഞ്ഞിലേ തൊട്ട് ഡോക്ടറാകണമെന്നാണ് ആഗ്രഹം. പക്ഷേ, ഇപ്പോൾ സിനിമയും ഇഷ്ടമാണ്. നല്ല പ്രോജക്ടുകൾ കിട്ടിയാൽ പഠനത്തെ ബാധിക്കാത്ത രീതിയിൽ അഭിനയവും ഒന്നിച്ചു കൊണ്ടുപോകണമെന്നാണ് ആഗ്രഹം. ഒന്നു രണ്ടു പ്രോജക്ടുകൾ ഡിസ്കഷനിൽ വന്നിരുന്നു. അതെല്ലാം ഉടൻ തന്നെ ചെയ്യേണ്ടവ ആയിരുന്നു. അടുത്ത ഒരു മാസം കൂടി ക്ലാസ് നഷ്ടമാകും എന്നുള്ളതിനാൽ മുന്നോട്ടുപോയില്ല.
പരീക്ഷയൊക്കെ കഴിഞ്ഞു വെക്കേഷനു ചെയ്യാനാകുന്ന തരത്തിലുള്ള പ്രോജക്ടുകൾ കമിറ്റ് ചെയ്യണമെന്നാണു പ്ലാൻ. ഒരുപാടു സിനിമകൾ ചെയ്യണമെന്നൊന്നും ഇല്ല. ഈ സിനിമ തന്നെ വലിയ കാര്യം. ഇങ്ങനെയൊന്നും കിട്ടുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ഡോക്ടറാകണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ ഒരിക്കലും ആക്ടിംഗ് വിടരുതെന്ന് ഡയറക്ടർ ഉൾപ്പെടെ സെറ്റിലുള്ള എല്ലാവരും പറഞ്ഞിരുന്നു. സ്കൂളിലും എല്ലാവരും സപ്പോർട്ടാണ്. മിസായ ക്ലാസുകളൊക്കെ ടീച്ചേഴ്സ് പ്രത്യേകമായി പറഞ്ഞുതരാറുണ്ട്.
ഐശ്വര്യലക്ഷ്മി ഉൾപ്പെടെ അഭിനേത്രികളിൽ പലരും മെഡിസിൻ പഠിച്ചവരാണല്ലോ. സിനിമയിൽ തുടരാൻ അതു പ്രചോദനമല്ലേ..?
അതേ. ഐശ്വര്യലക്ഷ്മി, സായ് പല്ലവി എന്നിവരുടെയും പ്രഫഷൻ അതുതന്നെയാണ്. ഏറെ ഇഷ്ടമുള്ള അഭിനേത്രിയാണ് ഐശ്വര്യലക്ഷ്മി.
ടി.ജി.ബൈജുനാഥ്