പരിശീലകൻ സിനദിൻ സിദാൻ ആവശ്യപ്പെട്ടാൽ സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ റയൽ മാഡ്രിഡിനോട് വിടപറയുമെന്ന് കോസ്റ്ററിക്കൻ ഗോളി കെയ്ലർ നവാസ്. ഈ സീസണിന്റെ തുടക്കത്തിൽ റയൽ വിട്ടുപോകുമെന്ന് ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെട്ട കളിക്കാരനായിരുന്നു നവാസ്. ബെൽജിയം ഗോളി തിബൗട്ട് കൂർട്ടോ റയലിലെത്തിയതോടെ നവാസിന്റെ സ്ഥാനം സൈഡ് ബെഞ്ചിലേക്ക് മാറിയിരുന്നു.
മൂന്ന് തവണ ചാന്പ്യൻസ് ലീഗ് നേടിയ നവാസ് സിദാൻ പറഞ്ഞാൽ മാത്രമെ ഇനി ക്ലബ് വിടുകയുള്ളു എന്ന് പറഞ്ഞു. നിലവിൽ ക്ലബ്ബുമായി കരാറുണ്ട്, റയലിൽ തന്നെ തുടരാനാണ് ആഗ്രഹം. എന്നാൽ, ക്ലബ് വിടണം എന്ന് പരിശീലകൻ ആവശ്യപ്പെട്ടാൽ എനിക്ക് മറ്റൊന്നും ചെയ്യാനില്ല- നവാസ് പറഞ്ഞു.
2014ലാണ് നവാസ് റയലിലെത്തുന്നത്. ബ്രസീൽ ലോകകപ്പിലെ കോസ്റ്റാറിക്കയെ ക്വാർട്ടറിലേക്ക് നയിച്ച പ്രകടനമാണ് നവാസിനെ റയലിലെത്തിച്ചത്. ഇതിനിടെ സിദാന്റെ മകനും ഗോളിയുമായ ലൂക്ക സിദാൻ ലാ ലിഗയിൽ ഹ്യൂസ്കയ്ക്കെതിരായ റയലിന്റെ ഫസ്റ്റ് ഇലവനിൽ സ്ഥാനം പിടിച്ചിരുന്നു.