ഈരാറ്റുപേട്ട: ഓണ്‍ലൈൻ ലോട്ടറി കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ നടത്തിപ്പുകാരനായ ഈരാറ്റുപേട്ട നടയ്ക്കൽ വഞ്ചാങ്കൽ മദീന നവാസ് എന്ന് അറിയപ്പെടുന്ന നവാസി(36)നെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. അനധികൃത ലോട്ടറി കച്ചവടത്തിന് ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു.
സംസ്ഥാനത്തു നിരോധിച്ചിട്ടുള്ള ഇതര സംസ്ഥാന ഓണ്‍ലൈൻ ലോട്ടറി ഇടപാടാണ് ഇയാൾ നടത്തിവന്നത്. ഓരോ 15 മിനിട്ടിലും ഫലം പുറത്തുവരുന്ന ഗോവണ്‍ ഓണ്‍ലൈൻ ലോട്ടറി ഇടപാടാണ് ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് നടത്തിയത്.
ഇതിനായി പ്രത്യേക വെബ്സൈറ്റും ആപ്ലിക്കേഷനും ഉപയോഗിച്ചുവരുന്നുണ്ട്. 15 മിനിട്ട് ഇടവേളയിൽ ലോട്ടറിയുടെ റിസൾട്ട് പുറത്തുവരും.
ഇവിടെയെത്തുന്നവർക്ക് 50 രൂപ കൊടുക്ക് ടോക്കണ്‍ എടുക്കാം. ഫലം പുറത്തുവരുന്പോൾ ടോക്കണിലെ സീരിസും നന്പറും ഒന്നായി വന്നാൽ ടോക്കണ്‍ എടുക്കുന്നയാൾക്ക് 400രൂപ ലഭിക്കും. ഒരാൾക്ക് എത്ര ടോക്കണ്‍ എടുക്കാനുള്ള സൗകര്യമുണ്ട്.
സംസ്ഥാന സർക്കാരിന്റെ ലോട്ടറിയുടെ മറവിൽ ഈരാറ്റുപേട്ടയിൽ ഇത്തരത്തിൽ ഓണ്‍ലൈൻ ചൂതാട്ടവും ഒറ്റനന്പർ ലോട്ടറിയും നടത്തുന്നുവെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഡി. ശില്പയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ ഡിവൈ എസ്പി ഷാജു ജോസിന്റെ നിർദ്ദേശപ്രകാരം ജില്ലാ ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ സാന്നിധ്യത്തിലായിരുന്നു പോലീസ് നടപടി.
വ്യാജ ലോട്ടറി ഇടപാടു കാരണം സർക്കാരിന് നികുതിയിനത്തിൽ കനത്ത നഷ്ടമാണ് ഉണ്ടായിരുന്നത്. കൂടാതെ സർക്കാർ ലോട്ടറി വിൽപ്പനക്കാർക്കും വ്യാജ ലോട്ടറി ഭീഷണിയായിരുന്നു.
ഈരാറ്റുപേട്ട എസ്എച്ച്ഒ പ്രസാദ് എബ്രഹാം വർഗീസിന്റെ മേൽനോട്ടത്തിൽ എസ്ഐ അനുരാജ് എം.എച്ചിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്.
ഗ്രേഡ് എസ്ഐമാരായ സുരേഷ് കുമാർ, തോമസ് സേവ്യർ, അടക വിനയരാജ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിനു കെ.ആർ, സജിമോൻ ഭാസ്കരൻ, സിവിൽ പോലീസ് ഓഫീസർ ശരത് കൃഷ്ണദേവ് എന്നിവരും ഉണ്ടായിരുന്നു. നിരവധികേസുകളിൽ പ്രതിയായ നവാസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.