ചാത്തന്നൂർ: വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നേരം പുലരും മുമ്പേ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളിൽഒരാളായി സദ്ദാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജനരോഷം കണക്കിലെടുത്ത് കസ്റ്റഡിയിലുള്ളവരെ ചാത്തന്നൂർ പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു വരുന്നു.
കണ്ണനല്ലൂർ മുട്ടയ്ക്കാവ് ചാത്തന്റഴികത്ത് വീട്ടിൽ നവാസ് (35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്തോടെ മുട്ടയ്ക്കാവ് ബദ്രിയ സ്കൂളിന് സമീപമാണ് സംഭവം നടന്നത്. സംഘം ചേർന്നുള്ള ആക്രമണത്തിനിടെ ഒരാൾ നവാസിനെ കയ്യിൽ കരുതിയ കത്തി കൊണ്ട് കുത്തുകയായിരുന്നു. കുത്തേറ്റ് അടുത്ത കടത്തിണ്ണയിലേയ്ക്ക് ഓടിക്കയറിയ നവാസ് അവിടെ കുഴഞ്ഞുവീഴുകയും മിയ്യണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ എത്തിക്കുമ്പോഴേയ്ക്കും മരിക്കുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്- നവാസിന്റെ സഹോദരൻ നബിലും സുഹൃത്ത് അനസും കൂടി ഓട്ടോ ഡ്രൈവറായ സുഹൃത്തിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തിട്ട് ബൈക്കിൽ തിരികെ വരുമ്പോൾ ഒരു സംഘം ഇവരെ തടഞ്ഞു നിർത്തി ചീത്ത വിളിക്കുകയും മർദ്ദിക്കുകയും ചെയ്തു.
രാത്രി 8 മണിയോടെയായിരുന്നു ഇത്. ഇവർ കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നല്കി. പിന്നീട് നവാസിനെ വിവരമറിയിച്ചു. വിവരംഅന്വേഷിക്കാനാണ് നവാസ് സ്ഥലത്തെത്തിയത്.നവാസും അക്രമി സംഘവും തമ്മിൽ തർക്കം ഉണ്ടായി.
ഇതിനിടെയാണ് നവാസിന് പിടലിയ്ക്ക് താഴെ ആഴത്തിലുള്ളകുത്തേറ്റത്. ചാത്തന്നൂർ എസിപി ബി ഗോപകുമാറിന്റെ നേതൃത്വത്തിൽ രാത്രി തന്നെ പ്രതികളെ തിരിച്ചറിയുകയും ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും അലർട്ട് നല്കുകയും ചെയ്തു. പ്രതികളുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പരവൂർ, കൊല്ലം ബീച്ച്, ആയൂർ എന്നിവിടങ്ങളിൽ നിന്നാണ് പിടികൂടിയത്.