കൊച്ചി: കാണാതായെന്ന പരാതിയിൽ എറണാകുളം സെൻട്രൽ സിഐ വി.എസ്. നവാസിനെ കണ്ടെത്താൻ പോലീസ് അന്വേഷണം ഉൗർജിതം. സംസ്ഥാനമൊട്ടാകെ അന്വേഷിക്കുന്നുണ്ടെങ്കിലും അദ്ദേഹം എവിടെയെന്നത് സംബന്ധിച്ച് യാതൊരുവിധത്തിലുമുള്ള വിവരങ്ങളും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഇന്നലെ കായംകുളത്ത് അവസാനമായി സിഐയെ കണ്ടവരുണ്ട്.
ഇവിടെനിന്ന് എങ്ങോട്ടുപോയെന്നതിനാണ് ഒരു വിധത്തിലുമുള്ള തെളിവും പോലീസിന് ലഭിക്കാത്തത്. പതിനായിരം രൂപ എടിഎമ്മിൽനിന്നും പിൻവലിച്ചതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് യാത്രയ്ക്കു മുന്നോടിയായിട്ട് പിൻവലിച്ചതാകാമെന്ന കണക്കുകൂട്ടലിലാണു പോലീസ്. ഇന്നലെ രാവിലെവരെ മൊബൈൽ ഫോണ് ഉപയോഗിച്ചിരുന്നെങ്കിലും പിന്നീട് സ്വിച്ച് ഓഫാക്കിയ നിലിയിലാണ്.
ഇതും അന്വേഷണത്തെ പിന്നോട്ടാക്കുന്നുണ്ടെന്നു പോലീസ് പറയുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഫോണ് കേന്ദ്രീകരിച്ചുള്ള അന്വേഷണം. വീട്ടുകാരുമായോ സുഹൃത്തുക്കളുമായോ ഇതുവരെ അദ്ദേഹം ബന്ധപ്പെട്ടിട്ടില്ലെന്നും പോലീസ് പറയുന്നു. ഇതര ജില്ലകളിലുള്ള സുഹൃത്തുക്കളുടെ വീടുകളിൽ അദ്ദേഹം എത്തിയിട്ടുമില്ല.
എന്നിരുന്നാലും രണ്ടു ദിവസത്തിനകം അദ്ദേഹം തിരിച്ചുവരുമെന്ന പ്രതീക്ഷയിൽതന്നെയാണ് അന്വേഷണ സംഘം. ജോലിയിൽ വിട്ടുവീഴ്ചയില്ലാത്തയാളായ നവാസ് അഭിമാനിയായിരുന്നുവെന്നു സഹപ്രവർത്തകർ പറയുന്നു. തെറ്റ് കണ്ടാൽ തെറ്റെന്നു പറയാനുള്ള ആർജവം കാട്ടിയിരുന്ന അദ്ദേഹം മേലുദ്യോഗസ്ഥനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നാണു പറയപ്പെടുന്നത്.
ഇന്നലെ രാവിലെ മുതൽ നവാസിനെ കാണാനില്ലെന്നുകാട്ടി ഭാര്യയാണ് പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ മേലുദ്യോഗസ്ഥനും നവാസും തമ്മിൽ വയർലെസ് സെറ്റിലൂടെ വാക്കുതർക്കമുണ്ടായതായി പറയപ്പെടുന്നു. വയർലസിലൂടെ മേലുദ്യോഗസ്ഥൻ നവാസിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ ശകാരിച്ചുവെന്നാണ് വിവരങ്ങൾ.
ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരിൽ ചിലർ ഇരുവരുടേയും വാഗ്വാദങ്ങൾ കേട്ടിരുന്നു. വാക്കുതർക്കം പരിധി വിട്ടതോടെ സഹപ്രവർത്തകർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പിന്നീട് സ്റ്റേഷനിൽ എത്തിയ നവാസ് തന്റെ ഒദ്യോഗിക ഫോണ് നന്പറിന്റെ സിം കാർഡും വയർലസും കീഴുദ്യോഗസ്ഥനു നൽകിയശേഷമാണ് അപ്രത്യക്ഷമായത്. ഇന്ന് മട്ടാഞ്ചേരി സിഐയായി ചുമതലയേൽക്കേണ്ടിയിരുന്നതാണ്.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടനുബന്ധിച്ചു മാരാരിക്കുളം സർക്കിളിൽനിന്നാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിലേക്ക് നവാസ് എത്തിയത്. കഴിഞ്ഞ ദിവസമാണ് മട്ടാഞ്ചേരിയിലേക്കു നവാസിന് സ്ഥലംമാറ്റം ലഭിച്ചത്.
അഴിമതിക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ച പോലീസ് ഉദ്യോഗസ്ഥനായിരുന്ന നവാസിന് നിരവധി ശത്രുക്കൾ ഉണ്ടായിരുന്നതായാണു സൂചനകൾ.
വിട്ടുവീഴ്ചയില്ലാത്ത നിലപാടിനെ തുടർന്നുണ്ടായ ചില കേസുകളാൽ നവാസിന്റെ ഉദ്യോഗക്കയറ്റംവരെ തടഞ്ഞതായും വിവരങ്ങളുണ്ട്. ഡിസിപി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം. തൃക്കാക്കര എസിപി സ്റ്റുവർട്ട് കീലർ, പാലാരിവട്ടം എസ്എച്ച്ഒ പി.എസ്. ശ്രീജേഷ്, നോർത്ത് എസ്ഐ രാജൻ ബാബു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.