കോഴിക്കോട്: സ്ത്രീധനത്തിന്റെ പേരില്‍ നവധുവിനെ മര്‍ദിച്ച കേസിലെ പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചത് പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ ചാരന്. രാഹുലിന് പോലീസ് അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും വിവരങ്ങള്‍ ചോര്‍ത്തി നല്കിയ ഈ പോലീസുകാരനെതിരേ അന്വേഷണത്തിനു സിറ്റി പോലീസ് കമ്മീഷണര്‍ നിര്‍ദേശം നല്കി. മൂ
ന്നു പോലീസുകാര്‍ക്കെതിരേ മെമ്മോയും നല്‍കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ നിസാര വകുപ്പുകള്‍ ചുമത്തിയ കേസില്‍ വധശ്രമകുറ്റങ്ങള് കൂടി ചുമത്തിയപ്പോഴാണ് രാഹുല്‍ രാജ്യം വിട്ടത്.
കോഴിക്കോടുനിന്ന് ബംഗളൂരുവരെ എത്തുന്നതിനുള്ള കുറുക്കുവഴികള്‍ നിര്‍ദേശിച്ചത് ഈ സിവില്‍ പോലീസ് ഓഫീസറാണ്. ചെക്ക്പോസ്റ്റില്‍ ശ്രദ്ധയില്പ്പെടാതിരക്കുന്നതിനുള്ള വഴികളും ഇയാള്‍ രാഹുലിനു പറഞ്ഞുകൊടുത്തു. നിരവധിത്തവണ ഇയാള്‍ രാഹുലുമായി ഫോണില്‍ സംസാരിച്ചതായാണ് വിവരം.
നേരില്‍കണ്ടും സംസാരിച്ചു. പോലീസുകാരനും രാഹുലുമായി പണമിടപാട് നടന്നതായും വിവരമുണ്ട്. കൈക്കൂലി വാങ്ങി അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തി നല്കിയതാണോ എന്നും സംശയിക്കുന്നുണ്ട്. ഇയാള്‍ക്കെതിരേ നടപടിക്കു സാധ്യതയുണ്ട്. ഇയാളുടെ കോള്‍ ലിസ്റ്റ് പരിശോധിക്കുമെന്നാണ് വിവരം.