കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി ആക്രമിച്ച കേസിലെ പ്രതി പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലന് ജോലിസ്ഥലമായ ജര്‍മനിയിലേക്കു കടന്നതായി സംശയം. ജര്‍മനിയില്‍ ഏറോനോട്ടിക്കല്‍ എന്‍ജിനീയറാണ് ഇയാള്‍. രാഹുല്‍ രാജ്യം വിട്ടോ എന്ന് ഉറപ്പിക്കാന്‍ ഫോറിനേഴ്സ് റീജ്യണല്‍ രജിസ്ട്രേഷന് ഓഫീസില്‍ പ്രത്യേക അന്വേഷണ സംഘം ബന്ധപ്പെട്ടിട്ടുണ്ട്.
ഇയാള്‍ക്കുവേണ്ടി പോലീസ് രാജ്യമെങ്ങും ജാഗ്രത പുലര്‍ത്തിവരികയാണ്. എല്ലാ വിമാനത്താവളങ്ങളിലേക്കും സന്ദേശം അയച്ചിട്ടുണ്ട്. ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. രാഹുല്‍ ബംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നതായി ചില സൂചനകള്‍ ഉള്ളതിനാല്‍ പോലീസ് സംഘം അവിടേക്ക് പോയിട്ടുണ്ട്. രാഹുലിന് അനുകൂലമായി നിലപാടെടുത്ത പന്തീരാങ്കാവ് പോലീസ് ഇയാള്‍ക്ക് രാജ്യം വിടാന്‍ സഹായം ചെയ്തതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
പോലീസ് നിലപാടില്‍ പൊതുസമൂഹത്തില്‍നിന്നു ശക്തമായ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഇയാള്‍ക്കെതിരേ വധശ്രമത്തിനു കേസെടുത്തത്. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സ്റ്റേഷന് ഓഫീസര്‍ എ.എസ്. സരിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.യുവതിയുടെ പരാതിയില്‍ 12നു നിസാര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തശേഷം പന്തീരാങ്കാവ് പോലീസ് ഇയാളെ വിട്ടയച്ചിരുന്നു.
14നാണു വധശ്രമത്തിനുള്ള വകുപ്പുകള്‍ കൂടി േചര്‍ത്തത്. അതിനുശേഷമാണ് ഇയാള്‍ ഒളിവില്‍ പോയത്. 14നു വൈകിട്ട് മൂന്നുവരെ ഇയാള്‍ വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് അമ്മ വ്യക്തമാക്കിയിട്ടുണ്ട്. ഫറോക്ക് അസി. കമ്മിഷണര്‍ സാജു കെ. ഏബ്രഹാമിന്റെ േനതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് അന്വേഷണത്തിലാണ്.
പരാതിക്കാരിയില്‍നിന്ന് ഇന്നലെ വൈകിട്ട് ആറു മുതല്‍ പത്തുവരെ പോലീസ് മൊഴി രേഖപ്പെടുത്തി. ഭര്‍ത്താവിന്റെ കടുത്ത പീഡനം സംബന്ധിച്ച് ഇവര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. യുവതിയുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവരില്‍നിന്നും മൊഴി രേഖപ്പെടുത്തി.