ദുബായ്: പാക്കിസ്ഥാനി സൗന്ദര്യറാണി സനിബ് നവീദ് വാഹനാപകടത്തിൽ മരിച്ചു. ന്യുയോർക്കിലെ മെരിലാൻഡിൽ ഞായറാഴ്ചയുണ്ടായ അപകടത്തിലാണ് സനിബ് (32) കൊല്ലപ്പെട്ടത്.
2012-ൽ മിസ് പാക്കിസ്ഥാൻ വേൾഡായി തെരഞ്ഞെടുക്കപ്പെട്ട സനിബ് സഞ്ചരിച്ചിരുന്ന വാഹനം ഞായറാഴ്ച രാത്രി പതിനൊന്നരയോടെ, നടപ്പാതയിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറ്റുവാഹനങ്ങളിലേക്കു പാഞ്ഞുകയറുകയായിരുന്നു. ഉടൻതന്നെ ഇവരെ വാഹനത്തിൽനിന്നു പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. സനിബാണ് വാഹനം ഓടിച്ചിരുന്നത്. ഇവർ മദ്യപിച്ചിരുന്നില്ലെന്നും കൂടുതൽ പരിശോധനകൾ നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.
ലോസ് ആഞ്ചൽസിലെ പെമോണ സ്വദേശിയെ വിവാഹം ചെയ്ത സനിബ്, 2012-ൽ ലാഹോർ സിറ്റിയെ പ്രതിനിധീകരിച്ചാണ് മിസ് പാക്കിസ്ഥാൻ വേൾസ് സൗന്ദര്യമത്സരത്തിൽ പങ്കെടുത്തതും വിജയിച്ചതും. ഫിലിപ്പൈൻസിൽ നടന്ന മിസ് എർത്ത് സൗന്ദര്യമത്സരത്തിലും സനിബ് പങ്കെടുത്തിരുന്നു.