പത്തനംതിട്ട: കണ്ണൂർ എംഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ പിണറായി വിജയൻ സംരക്ഷിക്കുകയാണെന്ന് കെപിസിസി മുൻ പ്രസിഡന്റും രാഷ്ട്രീയകാര്യ സമിതി അംഗവുമായ കെ. മുരളീധരൻ.
നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറന്പിലും കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവും പത്തനംതിട്ടയിൽ നടത്തിയ ഏകദിന ഉപവാസത്തിന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ നവീൻ ബാബുവിന്റെ ഘാതകരെ അറസ്റ്റു ചെയ്ത് അഴിക്കുള്ളിലാക്കുമെന്ന് മുരളീധരൻ പറഞ്ഞു.നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമെന്ന കുടുംബത്തിന്റെ ആവശ്യത്തെ പിണറായി സർക്കാരും സിപിഎമ്മും എന്തിനാണ് എതിർക്കുന്നതെന്ന് മുരളീധരൻ ചോദിച്ചു.
നവീൻ ബാബു സത്യസന്ധനാണെന്ന് റവന്യൂ വകുപ്പിന്റെ റിപ്പോർട്ട് പുറത്തുവന്നിട്ടും ഇതുസംബന്ധിച്ച് ഗൂഢാലോചന അന്വേഷിച്ച് പുറത്തുകൊണ്ടുവരാത്തതിനു പിന്നിൽ എന്തോ മറയ്ക്കുവാനോ, ആരെയെക്കെയോ സംരക്ഷിക്കുന്നതിനോ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉപവാസ സത്യാഗ്രഹ സമര നേതാക്കൾക്ക് കെ. മുരളീധരൻ നാരങ്ങാനീര് നൽകി സമരം അവസാനിപ്പിച്ചു. സാമാപന സമ്മേളനത്തിൽ ഡിസിസി വൈസ് പ്രസിഡന്റ് അനിൽ തോമസ് അധ്യക്ഷത വഹിച്ചു.സത്യഗ്രഹ സമരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പുറത്തുനിന്നും എത്തിയ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. രാവിലെ കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗം പ്രഫ. പി.ജെ. കുര്യൻ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു.
ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അടൂർ പ്രകാശ് എംപി, കെപിസിസി ജനറൽ സെക്രട്ടറിമാരായ എം.എം നസീർ, എസ്. അശോകൻ, കൊല്ലം ഡിസിസി പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ്, മുൻ ഡിസിസി പ്രസിഡന്റ് പി. മോഹൻരാജ്, മുൻ മന്ത്രി പന്തളം സുധാകരൻ, കണ്ണൂർ കോർപ്പറേഷൻ മുൻ മേയർ ടി.ഒ. മോഹനൻ, മുൻ എംഎൽഎ മാലേത്ത് സരളാദേവി, കെപിസിസി നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, യുഡിഎഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, കെപിസിസി അംഗം മാത്യു കുളത്തുങ്കൽ, കെ. ജയവർമ, കേരള കോൺഗ്രസ് സംസ്ഥാന സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ തുടങ്ങിയവർ പ്രസംഗിച്ചു.