കൊച്ചി: എഡിഎം നവീന് ബാബുവിന്റെ മരണത്തില് ഹൈക്കോടതി ആവശ്യപ്പെട്ടാല് അന്വേഷണത്തിന് തയാറെന്ന് സിബിഐ. അതേസമയം സിബിഐ അന്വേഷണത്തെ സര്ക്കാര് എതിര്ത്തു. അന്വേഷണം സിബിഐയ്ക്ക് കൈമാറാന് തയാറല്ലെന്നാണ് സംസ്ഥാന സര്ക്കാര് കോടതിയെ അറിയിച്ചത്. ഇത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം നല്കും.
സിബിഐ അന്വേഷണം ആവശ്യമുണ്ടോ, ശരിയായ ദിശയിലാണോ അന്വേഷണം പോകുന്നത് എന്നാണ് പരിശോധിക്കുന്നതെന്ന് കോടതി പറഞ്ഞു. കോടതി പറയുകയാണെങ്കില് അന്വേഷണം ഏറ്റെടുക്കാന് തയാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.പൊളിറ്റിക്കല് ഇന്ഫ്ളുവന്സ് ഉള്ളതുകൊണ്ടുമാത്രം അന്വേഷണം മോശം ആവണമെന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
പ്രതിയുടെ രാഷ്ട്രീയ ബന്ധം അന്വേഷണത്തെ ബാധിക്കുമോയെന്ന് കോടതി ചോദിച്ചു. ബയാസ്ഡ് ആണ് അന്വേഷണമെന്ന് തെളിയിക്കാന് എന്തെങ്കിലും തെളിവ് വേണ്ടേയെന്നും കോടതി ചോദിച്ചു. ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. അന്വേഷണത്തില് അപാകതയുണ്ടെന്നതിന് തെളിവുണ്ടോയെന്ന് കോടതി ചോദിച്ചു. കേസ് അന്വേഷണത്തിന്റെ മേല് നോട്ടത്തിന് ഉന്നത ഉദ്യോഗസ്ഥനെ വയ്ക്കേണ്ടതല്ലേയെന്നും കോടതി വാക്കാല് ചോദിച്ചു.
അന്വേഷണം ഏറ്റെടുക്കാന് തയാറാണോ എന്ന കോടതിയുടെ ചോദ്യത്തിന്, കോടതി ആവശ്യപ്പെട്ടാല് അന്വേഷണം ഏറ്റെടുക്കാന് തയാറാണെന്ന് സിബിഐ വാക്കാല് മറുപടി നല്കിയത്. അഡ്വ. കെ.പി. സതീശനാണ് സിബിഐയ്ക്കായി ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സര്ക്കാര് നല്കുന്ന സത്യവാങ്മൂലം പരിശോധിച്ച് സിബിഐ വിശദമായ മറുപടി 12ന് നല്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്ജി 12ന് പരിഗണിക്കാനായി മാറ്റി.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന് ബാബുവിന്റെ ഭാര്യയാണ് ഹര്ജി സമര്പ്പിച്ചത്. കണ്ണൂര് എഡിഎമ്മായിരുന്ന പത്തനംതിട്ട സ്വദേശി കെ. നവീന് ബാബുവിനെ ഒക്ടോബര് 15നാണ് ക്വാര്ട്ടേഴ്സില് തൂങ്ങിമരിച്ച നിലയില് കണ്ടത്.
സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റമായതിനെ തുടര്ന്ന് തലേന്ന് നടന്ന യാത്രയയപ്പ് യോഗത്തില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ നവീനെ അഴിമതിക്കാരനായി ചിത്രീകരിച്ച് സംസാരിച്ചിരുന്നു. ഇതില് മനംനൊന്ത് ജീവനൊടുക്കിയെന്നാണ് പോലീസ് കേസ്. പ്രേരണാക്കുറ്റത്തിന് അറസ്റ്റിലായ ഏക പ്രതി പി.പി. ദിവ്യ ഇപ്പോള് ജാമ്യത്തിലാണ്.