തലശേരി: കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തലശേരി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് കെ.ടി. നിസാർ അഹമ്മദ് നാളെ വിധി പറയും.
സാധാരണ ഗതിയിൽ വാദം പൂർത്തിയായ മുൻകൂർ ജാമ്യഹർജി ഉൾപ്പെടെയുള്ള ജാമ്യാപേക്ഷകളിൽ കോടതി രാവിലെ 11 ന് തന്നെ വിധി പറയാറാണ് പതിവ്. ഈ പതിവിന് മാറ്റമില്ലെങ്കിൽ നാളെ രാവിലെ 11.05 നുള്ളിൽ പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി പറയും.
മുൻകൂർ ജാമ്യം ലഭിച്ചാൽ പോലീസിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. പോലീസിനു മുന്നിൽ കീഴടങ്ങാൻ നിർദേശിച്ചു കൊണ്ടുള്ള ഉത്തരവുകളും കോടതികളിൽനിന്ന് ഉണ്ടാകാറുണ്ട്. ഈ സാധ്യതയും നിയമ വിദഗ്ധർ തള്ളിക്കളയുന്നില്ല.
ജാമ്യാപേക്ഷ തള്ളുകയാണെങ്കിൽ ഹൈക്കോടതിയെ സമീപിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളും ദിവ്യയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ആലോചിച്ചു വരുന്നുണ്ട്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം ആയതിനാൽ സിപിഎം നിലപാടും ദിവ്യക്കു നിർണായകമാകും. ജാമ്യാപേക്ഷ കോടതി തള്ളുകയാണെങ്കിൽ പി.പി. ദിവ്യയോട് പോലീസിനു മുന്നിൽ കീഴടങ്ങാൻ പാർട്ടി നിർദേശിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
തുടർനടപടികൾക്കായി അന്വേഷണസംഘം
രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന നിർണായക വിധി വന്ന ശേഷം മാത്രമേ നവീൻബാബു കേസിൽ പോലീസ് തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ. കേസ് പ്രത്യേക അന്വേഷണസംഘമാണ് ഇപ്പോൾ അന്വേഷിക്കുന്നതെങ്കിലും കേസിൽ അന്വഷണത്തിന്റെ വലിയൊരു ഭാഗവും ഇതിനകം പൂർത്തിയായിട്ടുണ്ട്.
ദിവ്യയുടെ കോൾ ഡീറ്റെയിൽസ് റിക്കാർഡ് (സിഡിആർ), വിവാദ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ, ചാനൽ റിപ്പോർട്ടറുടേയും കാമറമാന്റെയും മൊഴികൾ, കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ മൊഴികൾ എല്ലാം സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശേഖരിച്ചിരുന്നു. സിഡിആറും ചാനൽ റിപ്പോർട്ടറുടെ മൊഴിയും കേസിൽ വളരെ പ്രധാനപ്പെട്ട തെളിവായി മാറിയിട്ടുണ്ട്.