തലശേരി: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യക്ക് കുരുക്ക് മുറുകുന്നു. പോലീസ് ശേഖരിച്ച ദിവ്യയുടെ മൊബൈൽ ഫോണിലെ കോൾ ഡീറ്റൈൽസ് റെക്കോർഡാണ് (സിഡിആർ) ദിവ്യക്കെതിരേയുള്ള നിർണായക തെളിവായി പോലീസ് ശേഖരിച്ചിട്ടുള്ളത്. ദിവ്യ തന്റെ ഫോണിൽ നിന്നും ജില്ലാ കളക്ടറെയും പ്രാദേശിക ചാനൽ റിപ്പോർട്ടറെയും കാമറാമാനെയും നിരന്തരം വിളിച്ചതാണ് തെളിവായി പോലീസ് കണ്ടെത്തിയിട്ടുള്ളത്.
ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ കളക്ടറുടെയും ചാനൽ റിപ്പോർട്ടറുടെയും മൊഴി പോലീസ് വിശദമായി ശേഖരിച്ചിട്ടുണ്ട്. ഈ മൊഴികളെല്ലാം ദിവ്യക്കെതിരായ വിലപ്പെട്ട തെളിവുകളായി മാറും. മാത്രവുമല്ല, ചാനൽ സംപ്രേക്ഷണം ചെയ്ത ദൃശ്യങ്ങൾ മണിക്കൂറുകൾക്കുള്ളിൽ തന്നെ അതിവേഗം വിവിധ ഗ്രൂപ്പുകളിലൂടെ ദിവ്യ തന്നെ പ്രചരിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
നിലവിൽ മുൻകൂർ ജാമ്യഹർജിയിൽ 29 ന് കോടതി വിധി പറയുന്നതുവരെ ദിവ്യയുടെ അറസ്റ്റ് നടക്കില്ല. വിധി എതിരായാൽ അറസ്റ്റ് നടക്കുകയോ ദിവ്യക്ക് ഹൈക്കോടതിയെ സമീപിക്കാനുള്ള സാഹചര്യം ഒരുങ്ങുകയോ ചെയ്യും. പത്ത് വർഷം തടവ് ലഭിക്കുന്ന കുറ്റമായതിനാൽ മൊഴി നൽകാൻ ദിവ്യ എത്തിയാൽ അറസ്റ്റ് നിർബന്ധമാകും. ഈ സാഹചര്യം നിലനിൽക്കുന്നത് കൊണ്ടാണ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ദിവ്യ പോലീസിന് മുന്നിൽ ഹാജരാകത്തത്.
ഏഴുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെങ്കിൽ പോലീസിന് അറസ്റ്റ് ഒഴിവാക്കി മൊഴി രേഖപ്പെടുത്താനുള്ള നിയമപരമായ അനുമതി ഉള്ളതായി നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.അരിയിൽ ഷുക്കൂർ വധക്കേസിൽ പി. ജയരാജന്റെ ജാമ്യഹർജിക്കു ശേഷം തലശേരി കോടതിയിൽ സമീപകാലത്തു കണ്ട ഏറ്റവും വലിയ വാദമാണ് ഇന്നലെ നടന്നത്. ജാമ്യ ഹർജിയിന്മേലുള്ള മൂന്ന് മണിക്കൂർ പത്ത് മിനിറ്റ് നീണ്ടു നിന്ന വാദം അങ്ങനെ അപൂർവങ്ങളിൽ അപൂർവമായി.
പി. ജയരാജനു വേണ്ടി ഹാജരായ അഡ്വ. കെ. വിശ്വൻ തന്നെയാണ് ദിവ്യക്ക് വേണ്ടിയും കോടതിയിൽ ഹാജരായത്. രാഷ്ട്രീയ നിയമനമായതിനാൽ ഈ കേസിൽ പ്രോസിക്യൂഷൻ നിലപാട് പല ചർച്ചകളിലും വിവാദമായിരുന്നു. എന്നാൽ, നീതിയുടെ കാവലാളാണ് താനെന്ന മുഖവുരയോടെ മുൻകൂർ ജാമ്യ ഹർജിയെ പബ്ലിക് പ്രോസിക്യൂട്ടർ കെ. അജികുമാർ ശക്തമായി എതിർത്തത് വാർത്തകളിൽ സ്ഥാനം പിടിച്ചു.
കെ. വിശ്വൻ രണ്ട് മണിക്കൂറും പത്ത് മിനിറ്റും ദിവ്യക്ക് വേണ്ടി വാദിച്ചപ്പോൾ പ്രോസിക്യൂട്ടറും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷക്ക് വേണ്ടി ഹാജരായ ജോൺ എസ്. റാൽഫും ചേർന്ന് ഒന്നര മണിക്കൂറാണ് വാദിച്ചത്.ആത്മഹത്യ പ്രേരണാക്കേസിൽ മൊഴി നൽകാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺ സി ഐ ശ്രീജിത്ത് കൊടേരി ദിവ്യക്ക് നോട്ടീസ് നൽകിയിരുന്നു.
ദിവ്യയുടെ വീട്ടിലെത്തിയ പോലീസ് ദിവ്യ സ്ഥലത്തില്ലാത്തതിനാൽ വീട്ടിലെ മുതിർന്ന അംഗത്തിന് നോട്ടീസ് നൽകുകയായിരുന്നു. ദിവ്യ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. 29 ന് സെഷൻസ് കോടതിയുടെ ഉത്തരവോടെ ഈ കേസിൽ നിർണായക വഴിത്തിരിവുകൾ ഉണ്ടാകുമെന്നാണ് നിരീക്ഷകർ പ്രതീക്ഷിക്കുന്നത്.
നവാസ് മേത്തർ