കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പ്രത്യേക അന്വേഷണസംഘം ആരംഭിച്ചു. ഇതുവരെയുള്ള അന്വേഷണ പുരോഗതി കണ്ണൂർ റേഞ്ച് ഡിഐജി രാജ്പാൽ മീണയുടെ മുന്പാകെ അന്വേഷണസംഘം വിശദീകരിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്തുമായി അന്വേഷണസംഘം ഇന്ന് കൂടിക്കാഴ്ച നടത്തും.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. അജിത്കുമാറിന്റെ മേൽനോട്ടത്തിൽ കണ്ണൂർ സിറ്റി പോലീസ് എസിപി ടി.കെ. രത്നകുമാർ, നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കോടേരി, കണ്ണൂർ സിറ്റി എസ്എച്ച്ഒ സനൽ കുമാർ, കണ്ണൂർ ടൗൺ എസ്ഐ സവ്യസാച്ചി, വനിതാ പോലീസ് സ്റ്റേഷൻ എസ്ഐ രേഷ്മ, സൈബർ സെൽ എഎസ്ഐ ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുന്നത്.
നിലവിൽ, കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കോടേരി നടത്തിയ തുടരന്വേഷണമാണ് പ്രത്യേക അന്വേഷണസംഘം നടത്തുന്നത്. നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ച കാരണത്തിനാണ് അന്വേഷണസംഘം പ്രഥമ പരിഗണന നല്കുന്നത്.എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ മുന്നിൽ വെല്ലുവിളികൾ ഏറെയാണ്.
* പ്രതിപട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി.പി. ദിവ്യയെ ചോദ്യം ചെയ്താൽ മാത്രമാണ് കേസന്വേഷണം മുന്നോട്ടു പോകുകയുള്ളൂ. അതിനാൽ, മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്ന 29 വരെ അന്വേഷണസംഘത്തിന് മുന്നിൽ ദിവ്യ ഹാജരാകുകയില്ല. നിലവിൽ, ദിവ്യയുടെ ഫോൺകോളുകൾ മാത്രമാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന തെളിവുകൾ.
*പെട്രോൾ പന്പിന് എൻഒസി ലഭിക്കാൻ നവീൻ ബാബുവിന് കൈക്കൂലി കൊടുത്തെന്ന് പരാതിപ്പെട്ട ടി.വി. പ്രശാന്തിന്റെ പരാതി സത്യമാണോയെന്ന് പരിശോധിക്കണം. പ്രശാന്ത് എഡിഎമ്മുമായി നടത്തുന്ന കൂടിക്കാഴ്ചയിലെ സിസിടിവി ദൃശ്യം മാത്രമാണ് അന്വേഷണസംഘത്തിന്റെ മുന്നിലുള്ള തെളിവ്. പരാതിയിലും പാട്ടക്കരാറിലും മെഡിക്കൽ കോളജിലും പെട്രോൾ പന്പ് ലഭിക്കാനുള്ള അനുമതിപത്രത്തിലും പ്രശാന്തിന്റെ പേരിലുള്ള വ്യത്യസ്തമായ ഒപ്പിനെക്കുറിച്ചും പന്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ബിനാമി ആരോപണങ്ങളെക്കുറിച്ചും അന്വേഷിക്കണം.
*കളക്ടറേറ്റിൽനിന്നും ട്രെയിൻ കയറാൻ നവീൻ ബാബു റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ സുഹൃത്തിനെ കാണാൻ മുനീശ്വരൻ കോവിലിനു മുന്നിൽ ഇറങ്ങിയതായി ഡ്രൈവറുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. നവീൻ ബാബു ആരെ കണ്ടിരുന്നു, എപ്പോഴാണ് ക്വാർട്ടേഴ്സിലേക്ക് മടങ്ങിയത്, കളക്ടറേറ്റിലെ യാത്രയയ്പ്പിനു ശേഷം നവീൻ ബാബുവുമായി കൂടിക്കാഴ്ച നടത്തിയവർ ആരൊക്കെ.. ഇക്കാര്യങ്ങളെക്കുറിച്ചു വിശദമായ അന്വേഷണം നടത്തണം.