പത്തനംതിട്ട: തഹസില്‍ദാര്‍ പദവയില്‍നിന്ന് മാറ്റം ആവശ്യപ്പെട്ട് റവന്യൂവകുപ്പിന് അപേക്ഷ നല്കി എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ.
സ്വതന്ത്രവും ഗൗരവമേറിയതും ഏറെ ഉത്തരവാദിത്വമുള്ളതുമായ തഹസില്‍ദാല്‍ ജോലി നിറവേറ്റാനുള്ള മാനസികാവസ്ഥയിലൂടെയല്ല കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ സമാന പദവിയായ കളക്ട്രേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റിത്തരണമെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ.
നിലവില്‍ കോന്നി തഹസില്‍ദാരാണ് മഞ്ജുഷ. അവധി കഴിഞ്ഞ് ഡിസംബര്‍ ആദ്യവാരത്തോടെയാണ് ജോലിയില്‍ പ്രവേശിക്കേണ്ടത്. ഈ പശ്ചാത്തലത്തിലാണ് പദവി മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ 16-നാണ് കണ്ണൂര്‍ എഡിഎം ആയിരുന്ന പത്തനംതിട്ട മലയാപ്പുഴ സ്വദേശി നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സഹപ്രവര്ത്തര് നല്കിയ യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പരസ്യമായി അവഹേളിക്കുന്ന രീതിയിൽ സംസാരിച്ചത് ജീവനൊടുക്കുന്നതിലേക്ക് നയിച്ചെന്നാണ് ആരോപണം.