തലശേരി: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ നവീൻ ബാബുവിനു തെറ്റുപറ്റിയെന്ന കളക്ടർ അരുൺ കെ. വിജയന്റെ മൊഴിയിൽ സമഗ്രമായ അന്വേഷണത്തിനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. ആദ്യഘട്ടമെന്ന നിലയിൽ അടുത്ത ദിവസം തന്നെ കളക്ടറിൽനിന്ന് ഡിഐജിയുടെ മേൽനോട്ടത്തിൽ മൊഴിയെടുക്കും. ഇതിനായി, അന്വേഷണസംഘം പ്രത്യേക ചോദ്യാവലി തയാറാക്കിവരികയാണ്.
കളക്ടറുടെ നേരത്തെയുള്ള മൊഴി വിശദമായി പഠിച്ച ശേഷമാണ് ചോദ്യാവലി തയാറാക്കുന്നതെന്നാണ് അറിയുന്നത്. ഡിഐജിയും സിറ്റി പോലീസ് കമ്മീഷണറും ഡിസ്ട്രിക്ട് ഗവ. പ്ലീഡർ ഉൾപ്പെടെയുള്ള നിയമ വിദഗ്ധരുമായി നിരന്തരം ആശയ വിനിമയം നടത്തിയാണ് പോലീസ് അന്വേഷണവുമായി മുന്നോട്ടുപോകുന്നത്.
സംസ്ഥാനതലത്തിൽതന്നെ വിവാദമായ കേസിൽ മൊഴിയെടുക്കലും തെളിപ്പെടുപ്പുകളും വീഡിയോ റെക്കോർഡിംഗ് ഉൾപ്പെടെ നടത്തി മുന്നോട്ടുപോകാനാണ് അന്വഷണ സംഘത്തിനു ലഭിച്ചിട്ടുള്ള നിർദേശം എന്നാണ് അറിയുന്നത്.നിലവിൽ പി.പി. ദിവ്യയുടെ മൊഴിയെടുക്കൽ മാത്രമാണ് വീഡിയോ റിക്കോർഡിംഗ് നടത്തിയിട്ടുള്ളത്.
വിവാദ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞയുടൻ ജില്ലാ കളക്ടർ സംസ്ഥാന തലത്തിൽതന്നെയുള്ള ഉന്നതരെ വിളിച്ച് സംഭവത്തെക്കുറിച്ച് വിശദമായി തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിലൂടെ, വിലപ്പെട്ട ചില വിവരങ്ങൾ കൈമാറിയതായാണ് അറിയുന്നത്. കളക്ടറുടെ കോൾ ഡീറ്റെയിൽസ് റിക്കാർഡിൽ (സിഡിആർ) ഇത് വ്യക്തമാക്കുന്നതായുള്ള സൂചനകളും പുറത്തു വരുന്നുണ്ട്.
കളക്ടറുടെ മൊഴി സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ജീവിതത്തിൽ ഒരിക്കലും കൈക്കൂലി വാങ്ങാത്ത നവീൻ ബാബു കൈക്കൂലി വാങ്ങിയത് ഇടതുപക്ഷത്തെ പ്രമുഖ കക്ഷിയുടെ സർവീസ് സംഘടനയ്ക്കു വേണ്ടിയാണെന്നാണ് പ്രധാനമായും പ്രചരിക്കുന്നത്.
ഇതിലേക്കാണ് കളക്ടറുടെ വിവാദ മൊഴി ചെന്നു നിൽക്കുന്നതെന്നാണ് ഒരു വിഭാഗം പറയുന്നത്. ഈ മൊഴി വിശദമായി പുറത്തു വരുന്നതോടെ കേസിൽ വലിയ വഴിത്തിരിവിന് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
എന്നാൽ, ഈ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പി.പി.ദിവ്യ പരസ്യമായി നവീൻ ബാബുവിനെ ആക്ഷേപിച്ചപ്പോൾ നിശബ്ദത പാലിച്ച കളക്ടർ പൊതുസമൂഹത്തിന്റെ പ്രതിഷേധത്തിൽ നിന്ന് രക്ഷപെടാനാണ് ഇത്തരം ദുസൂചനകൾ നൽകുന്നതെന്നും ഇക്കാര്യത്തിൽ കളക്ടറെ നുണ പരിശോധനയ്ക്കു വിധേയമാക്കുകയാണ് വേണ്ടതെന്നും ഘടകകക്ഷിയിലെ പ്രമുഖ നേതാവ് രാഷ്ട്രദീപികയോട് പറഞ്ഞു.
പി.പി. ദിവ്യയുടെ ജാമ്യഹർജിയിൽ എട്ടിന് തലശേരി സെഷൻസ് കോടതി വിധി പറയുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നാണ് കരുതുന്നത്. പ്രത്യേക അന്വേഷണസംഘം നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും.
സിബിഐ അന്വേഷണം ആവശ്യപ്പെടാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും നിലവിലുള്ള അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തിയശേഷം സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ അഭിഭാഷക പി.എം. സജിത രാഷ്ട്രദീപികയോടു പറഞ്ഞു.
നവാസ് മേത്തർ