കുന്നംകുളം: ആൾമറയില്ലാത്ത കിണറ്റിൽ വീണ് മനസാന്നിധ്യംകൊണ്ടും ആത്മധൈര്യം കൊണ്ടും രക്ഷപ്പെട്ട് വീണ്ടും ജീവിതത്തിലേക്കു തിരിച്ചെത്തി അഞ്ചാം ക്ലാസുകാരൻ നാടിന് അഭിമാനമായി.
മരത്തംകോട് വെള്ളിത്തിരുത്തി തലേങ്ങാട്ടിൽ നാരായണൻ – ജയശ്രീ ദന്പതികളുടെ മകൻ നവീൻ കൃഷ്ണ എന്ന അഞ്ചാം ക്ലാസുകാരൻ കഴിഞ്ഞ ദിവസം വൈകീട്ട് സൈക്കിളിൽ പോകുന്പോഴാണ് തെരുവുനായ്ക്കൾ എതിരെ ഓടിവന്നത്.
ഈ സമയം പകച്ച കുട്ടി വണ്ടി നിർത്തി ആൾതാമസമില്ലാത്ത കിടന്നിരുന്ന ഒരു വീടിന്റെ പിറകുവശത്തേക്ക് ഓടി. ഓടിവന്ന കുട്ടി കാടുമൂടി കിടന്നിരുന്ന കിണറ്റിലേക്കു വീഴുകയായിരുന്നു.
നിറയെ വെള്ളം ഉണ്ടായിരുന്ന കിണറ്റിൽ ആത്മസംയമനം കൈവിടാതെ ഈ മിടുക്കൻ രക്ഷപ്പെടാനുള്ള ശ്രമങ്ങൾ സ്വയം നടത്തി. കിണറ്റിൽ കിടന്നിരുന്ന ഒരു കന്പിൽ പിടിക്കുകയും കിണറിലെ പാന്പേരിയിൽ പിടിച്ചു നിൽക്കുകയും ചെയ്തു.
കഴിഞ്ഞവർഷം നീന്തൽ പരിശീലിച്ച നവീൻ അതുകൊണ്ടുതന്നെ മുങ്ങാതെ നിന്നു. ഏറെനേരം കിണറ്റിലെ വരിയിൽ പിടിച്ചുനിന്ന നവീൻ ഉറക്കെ പരസഹായത്തിനായി നിലവിളിച്ചു.
നിലവിളികേട്ട് തൊട്ടടുത്ത വീട്ടിലെ സ്ത്രീ എത്തിയപ്പോഴാണു കുട്ടി കിണറ്റിൽ വീണുകിടക്കുന്നതു കണ്ടത്. ഇതോടെ നാട്ടുകാരെ വിളിച്ചുകൂട്ടി കയറിട്ട് കുട്ടിയെ കിണറ്റിൽ നിന്നും രക്ഷപ്പെടുത്തി.
വീഴ്ചയിൽ നവീന്റെ കാലിനു പരിക്കേറ്റു. ഇപ്പോൾ നവീനെ അഭിനന്ദിക്കാൻ ഏറെപ്പേർ എത്തുന്നുണ്ട്. വെള്ളിത്തിരുത്തി ബ്ലൂമിംഗ് ബഡ്സ് ബഥാനിയ സിബിഎസ്ഇ സ്കൂളിലെ വിദ്യാർഥിയാണ് നവീൻ കൃഷ്ണ. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ബെഞ്ചമിൻ, പ്രിൻസിപ്പൽ ഷേബാ ജോർജ്, പിടിഎ പ്രസിഡന്റ് എം. ബിജുബാൽ, അധ്യാപകർ എന്നിവർ വീട്ടിലെത്തി നവീനെ അഭിനന്ദിച്ചു.
കേക്ക് മുറിച്ച് കുട്ടിക്കു നൽകി സന്തോഷം പങ്കിട്ടാണ് സ്കൂളധികൃതർ മടങ്ങിയത്. ചൊവ്വന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ചിത്ര വിനോബാജിയുടെ നേതൃത്വത്തിൽ ഇന്നലെ വൈകീട്ട് വീട്ടിലെത്തി നവീനെ അഭിനന്ദിച്ചു. നവീൻ കൃഷ്ണ നാട്ടുകാരുടെയും വീട്ടുകാരുടെയും താരമാണിപ്പോൾ.