പത്തനംതിട്ട : കാരുവള്ളിൽ വീട്ടിലെക്ക് ഇന്നലെയും ഇന്നുമെല്ലാം ജീവിതത്തിന്റെ നാനാതുറയിലുള്ള നിരവധിപേരാണ് എത്തി കൊണ്ടിരിക്കുന്നത്. നവീൻ ബാബുവിനെ നേരിട്ട് അറിയുന്നവരും കേട്ടറിഞ്ഞവരും എല്ലാം ഈ കൂട്ടത്തിലുണ്ട്. ആശ്വാസവാക്കുകളുമായെത്തിയ പലർക്കും പലതും പറഞ്ഞ് മുഴുവിപ്പിക്കാനായില്ല അത്രകണ്ട് ദുഃഖം തളകെട്ടി നിൽക്കുകയാണ് ഇവിടെ. എന്ത് പറയണം എന്നറിയാതെ പലരും മടങ്ങി. വന്നവരുടെയും മുഖത്ത് തങ്ങളുടെ കുടുംബത്തിലെ ഒരംഗംനഷ്ടപ്പെട്ടതുപോലെയുള്ള ദുഃഖം മാത്രം.
കത്തിത്തീർന്ന ചിതയ്ക്കരികിൽ എത്തിയ സഹപ്രവർത്തകരിൽ പലരും ഒന്നുകൂടി തിരിഞ്ഞുനോക്കാൻ കരുത്തില്ലാതെയാണ് മടങ്ങിയത്. എഡിഎം. നവീൻബാബുവിന്റെ നന്മകൾ നാട് നെഞ്ചോട് ചേർത്തതിന്റെ ആഴം ഇവിടത്തെ ഒരോ കാഴ്കളിലും നിറഞ്ഞു നിൽക്കുന്നു..നവീനിന്റെ മരണത്തിന്റെ ഞെട്ടലിൽനിന്നും കരകയറാൻ ഭാര്യ മഞ്ജുഷയ്ക്കും പെൺമക്കൾക്കും സാധിച്ചിട്ടില്ല.
നാട്ടിലേക്കെത്തുന്ന അച്ഛനെ സ്വീകരിക്കാൻ സന്തോഷത്തോടെ റെയിൽവേ സ്റ്റേഷനിലേക്കുപോയ മക്കൾ ഇന്ന് കരഞ്ഞ് തളർന്ന മുഖവുമായി വരുന്നവരോട് സംസാരിക്കാൻ പോലുമാകാതെ ബുദ്ധിമുട്ടുന്നു. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മലയാലപ്പുഴയിലെത്തി കുടുംബത്തെ കണ്ട് അവരുടെ ദുഃഖത്തിൽ പങ്കുചേർന്നു. മന്ത്രി വി.എൻ.വാസവൻ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. . ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരനും ബിജെപി ദേശീയ നിർവാഹക സമിതി അംഗവും മുൻ ഗവർണറുമായ കുമ്മനം രാജശേഖരനും എത്തിയിരുന്നു.