പത്തനംതിട്ട∙ കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തോട് ഖേദം പ്രകടിപ്പിച്ച് കണ്ണൂർ കള ക്ടർ അരുൺ കെ. വിജയൻ നൽകിയ കത്ത് വൈറലായി. മാപ്പ് അപേക്ഷിച്ചുള്ള കത്ത് ഇന്നലെ രാവിലെയോടെ മലയാലപ്പുഴയിലെ വീട്ടിൽ റവന്യൂ ഉദ്യോഗസ്ഥർ നേരിട്ട് എത്തിക്കുകയായിരുന്നു.
സംഭവിച്ചത് അനിഷ്ടകരമായ കാര്യങ്ങളാണെന്നും താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കലക്ടർ കത്തിൽ പറയുന്നു. നവീന്റെ മൃതദേഹതോടൊപ്പം പത്തനംതിട്ടയിൽ എത്തിയിരുന്നുവെങ്കിലും കാണാൻ താൽപര്യമില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചതിനെത്തുടർന്നാണ് കത്തെഴുതി കുടുംബത്തിനു കൈമാറിയത്.
കത്തിൽ ഒപ്പോ സീലോ രേഖപ്പെടുത്തിയിട്ടില്ല എന്നതും ശ്രമേയമാണ്. അതേസമയം കണ്ണൂർ കലക്ടർക്കെതിരേ ഗുരുതര ആരോപണമാണ് നവീൻ ബാബുവിന്റെ ബന്ധുക്കൾ ഉയർത്തിയത്. യാത്രയയപ്പ് ചടങ്ങ് വേണ്ടെന്നു കലക്ടറോട് നവീൻ ബാബു അഭ്യർഥിച്ചിരുന്നുവെന്നാണ് ബന്ധു വും സി ഐ ടി യു നേതാവുമായ മലയാലപ്പുഴ മോഹനൻ ആരോപിച്ചത്.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യക്കു വേണ്ടി ചടങ്ങ് ഉച്ചയ്ക്ക് ശേഷം സംഘടിപ്പിക്കുകയായിരുന്നു എന്നും ആരോപണം ഉണ്ട്.നവീൻ ബാബുവിന്റെ മരണത്തിൽ കലക്ടറേറ്റിലെ ജീവനക്കാർക്കും കലക്ടറോട് പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് കുടുംബത്തോട് ഖേദം പ്രകടിപ്പിച്ചുള്ള കത്ത് കളക്ട്ടർ കൈമാറിയത് എന്നാണ് സൂചന.
കത്തിന്റെ പൂർണരുപം
പ്രിയപ്പെട്ട നവീനിന്റെ ഭാര്യ മഞ്ജുഷയ്ക്കും മക്കൾക്കും,
പത്തനംതിട്ടയിൽ നിന്നു തിരിച്ച് കണ്ണൂരിലേക്കുള്ള യാത്രയിലാണ് ഞാൻ ഇത് എഴുതുന്നത്. ഇന്നലെ നവീനിന്റെ അന്ത്യകർമങ്ങൾ കഴിയുന്നതുവരെ ഞാൻ പത്തനംതിട്ടയിലുണ്ടായിരുന്നു. നേരിൽ വന്നു ചേർന്നു നിൽക്കണമെന്നു കരുതിയങ്കിലും സാധിച്ചില്ല. നവീനിന്റെ കൂടെയുള്ള മടക്ക യാത്രയിൽ മുഴുവൻ ഞാനോർത്തത് നിങ്ങളെക്കാണുമ്പോൾ എന്തു പറയണം, എങ്ങനെ ആശ്വസിപ്പിക്കണം എന്ന് മാത്രമാണ്.
നവീനിന്റെ മരണം നൽകിയ നടുക്കം ഇപ്പോളും എന്നെയും വിട്ടു മാറിയിട്ടില്ല. ഇന്നലെ വരെ എന്റെ തോളോട് തോൾ നിന്ന് പ്രവർത്തിച്ചയാളാണ് നവീൻ. കാര്യക്ഷമതയോടും സഹാനുഭൂതിയോടും തന്റെ ഉത്തരവാദിത്തം നിർവഹിച്ച വ്യക്തി ആയിരുന്നു എട്ടു മാസത്തോളമായി എനിക്കറിയാവുന്ന നവീൻ..എനിക്ക് ഏതു കാര്യവും വിശ്വസിച്ചു ഏല്പിക്കാവുന്ന പ്രിയ സഹപ്രവർത്തകൻ.
സംഭവിക്കാൻ പാടില്ലാത്ത, നികത്താനാവാത്ത നഷ്ടമാണ് സംഭവിച്ചത്. ഈ വേദനയിൽ നിങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ പങ്കുചേരാൻ മനസ്സ് വെമ്പുംപോളും, നവീനിന്റെ വേർപാടിൽ എനിക്കുള്ള വേദനയും, നഷ്ടബോധവും. പതർച്ചയും പറഞ്ഞറിയിക്കാൻ എന്റെ വാക്കുകൾക്ക് കെൽപ്പില്ല.
എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോൾ… ഈ വിഷമഘട്ടം അതിജീവിക്കാൻ എല്ലാവർക്കും കരുത്ത് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാൻ മാത്രമേ ഇപ്പൊൾ സാധിക്കുന്നുള്ളൂ …പിന്നീട് ഒരവസരത്തിൽ, നിങ്ങളുടെ അനുവാദത്തോടെ, ഞാൻ വീട്ടിലേക്ക് വരാം….