പത്തനംതിട്ട: മരിച്ച നിലയില് കണ്ടെത്തിയ കണ്ണൂർ എഡിഎം ആയിരുന്ന കെ.നവീന് ബാബുവിന്റെ അടിവസ്ത്രത്തില് രക്തക്കറ ഉണ്ടായിരുന്നതായി പോലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട്. ഒക്ടോബര് 15-ന് കണ്ണൂര് ടൗണ് പോലീസ് തയാറാക്കിയ ഇന്ക്വസ്റ്റ് റിപ്പോര്ട്ടിലാണ് ഈ പരാമര്ശം.
എന്നാല് പോസ്റ്റ് മോര്ട്ടം റിപ്പോര്ട്ടില് രക്തക്കറയുടേയോ പരുക്കിന്റേയോ പരാമര്ശങ്ങളില്ല. എഫ്ഐആറിലും മറ്റു സംശയങ്ങൾ പറയുന്നില്ല. പോസ്റ്റ്മോര്ട്ടം ചെയ്ത ഡോക്ടര് റിപ്പോര്ട്ട് കൃത്യമായി വായിച്ചില്ലെന്ന ആരോപണവുമായി നവീന് ബാബുവിന്റെ ബന്ധു അനില് പി. നായര് രംഗത്ത്.
പോസ്റ്റ്മോര്ട്ടം സത്യസന്ധമല്ലെന്ന് അനില് പറഞ്ഞു. പോസ്റ്റ്മോര്ട്ടത്തില് രക്തക്കറയെപ്പറ്റി പരാമര്ശിക്കേണ്ടതായിരുന്നു എന്ന് അനിൽ പറഞ്ഞു. ശരീരത്തിന്റെ ഏത് ഭാഗത്ത് നിന്നാണ് രക്തശ്രാവമുണ്ടായത് എന്ന് വ്യക്തമാക്കേണ്ടതായിരുന്നു.
മുറിവില്ലാതെ രക്തമുണ്ടാവില്ലല്ലോ? അത് ശരീരത്തിന്റെ ഏത് ഭാഗത്ത് നിന്നാണെന്ന് പരിചയസമ്പന്നനായ ഒരു ഡോക്ടര് രേഖപ്പെടുത്തേണ്ടതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കേസില് ആദ്യമേതന്നെ അട്ടിമറിയും ഗൂഢാലോചനയും ഉണ്ടല്ലോ. ഇപ്പോഴും പ്രതിപ്പട്ടികയില് ഒരാള് മാത്രമാണ് എന്നും അനില് വ്യക്തമാക്കി.