തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടു വകുപ്പുതല അന്വേഷണം നടത്തുന്ന ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ. ഗീതയുടെ റിപ്പോർട്ട് ഇന്നോ നാളെയോ സർക്കാരിനു കൈമാറും. ഇന്നലത്തെ മന്ത്രിസഭായോഗത്തിനു മുന്‍പ് റിപ്പോർട്ട് കൈമാറുമെന്നു കരുതിയിരുന്നുവെങ്കിലും ഇന്നലെ കൈമാറിയില്ല.
അന്വേഷണ റിപ്പോർട്ട് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന് കൈമാറാനാണ് നിർദേശം. റിപ്പോർട്ട് പഠിച്ചശേഷം പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശിപാർശ കുറിപ്പോടുകൂടിയാകും മന്ത്രിക്ക് ലഭിക്കുക.
എഡിഎം മരണമടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ചയുണ്ടായിട്ടുണ്ടോ എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടാകും.
അതേസമയം യാത്രയയപ്പ് യോഗത്തിൽ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ ആക്ഷേപിക്കുന്ന പ്രസംഗദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പി.പി.ദിവ്യ തന്നെയെന്ന് റവന്യൂ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയതായാണ് വിവരം. യാത്രയയപ്പ് ചടങ്ങിലെ പരിപാടി കണ്ണൂരിലെ ഒരു പ്രാദേശിക ചാനല്‍ മാത്രമാണ് റെക്കോര്‍ഡ് ചെയ്തത്.
ഈ ദൃശ്യങ്ങള്‍ കട്ട് ചെയ്ത് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ചതിനു പിന്നില്‍ പി .പി ദിവ്യക്ക് പങ്കുണ്ടെന്നാണ് റവന്യൂ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്.
കൂടാതെ നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്നും ഫയല്‍ അനധികൃതമായി താമസിപ്പിച്ചിട്ടില്ലെന്നും റവന്യൂ വകുപ്പ് അന്വേഷണത്തില്‍ പറയുന്നു.അതേസമയം ദിവ്യ നൽകിയ മുൻകൂർ ജാമ്യഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു പരിഗണിക്കും.