തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിക്കു സമർപ്പിച്ച റവന്യു അന്വേഷണ റിപ്പോർട്ടിൽ ഉദ്യോഗസ്ഥ തലത്തിൽ തുടർ നടപടി തത്ക്കാലമില്ല. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ. ഗീതയുടെ അന്വേഷണ റിപ്പോർട്ടിൽ ഉദ്യോഗസ്ഥ തല വീഴ്ചകളും റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയും ചീഫ് സെക്രട്ടറിയും റിപ്പോർട്ട് പരിശോധിച്ചു നൽകിയ ശിപാർശകളിലും ഉദ്യോഗസ്ഥ തല നടപടികൾ നിർദേശിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.
റവന്യു അന്വേഷണത്തിനു സമാന്തരമായി പോലീസ് അന്വേഷണം കൂടി നടക്കുന്ന സാഹചര്യത്തിൽ അതുകൂടി പൂർത്തിയായ ശേഷമുള്ള റിപ്പോർട്ട് കിട്ടിയ ശേഷം ആവശ്യമുള്ള തുടർ നടപടി സ്വീകരിക്കാമെന്നാണു മുഖ്യമന്ത്രി നിർദേശിച്ചിട്ടുള്ളത്.
അതേസമയം, കണ്ണൂർ ജില്ലാ കളക്ടർ അടക്കമുള്ളവരുടെ സ്ഥലംമാറ്റം ഉപതെരഞ്ഞെടുപ്പുകൾക്കു ശേഷമാകാമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ തെരഞ്ഞെടുപ്പു പെരുമാറ്റച്ചടവും നിലവിലുണ്ട്.
ഇതിനാൽ ഇവിടങ്ങളിലെ കളക്ടർമാരെ മാറ്റാനാകില്ല. തെരഞ്ഞെടുപ്പിനിടയിൽ കളക്ടറെ മാറ്റുന്നതു സർക്കാരിനു കൂടുതൽ വിമർശനത്തിനും ഇടയാക്കിയേക്കാം. ഇതിനാൽ കളക്ടർമാരെ കൂട്ടത്തോടെ മാറ്റുന്പോൾ, കണ്ണൂർ കളക്ടറേയും മാറ്റാമെന്നാണ് ആലോചന. എഡിഎമ്മിന്റെ ദുരൂഹ മരണവുമായി മാറ്റത്തിന് ബന്ധമുണ്ടെന്ന കാരണം ഇതിന് ഇടയാക്കില്ല.
അതേസമയം റവന്യു മന്ത്രി കെ. രാജൻ മുഖ്യമന്ത്രിക്കു സമർപ്പിച്ച റവന്യു റിപ്പോർട്ട് പോലീസ് അന്വേഷണസംഘം ആവശ്യപ്പെട്ടാൽ നൽകാനും ധാരണയായിരുന്നു. ക്രിമിനൽ നടപടിപ്രകാരം പോലീസ് നടത്തുന്ന അന്വേഷണത്തിൽ വകുപ്പുതലത്തിൽ നവീൻ ബാബു ഫയലുകളിൽ കാലതാമസം വരുത്തിയിട്ടില്ലെന്നു വ്യക്തമാക്കാൻ റവന്യു അന്വേഷണ റിപ്പോർട്ട് ഏറെ പ്രയോജനം ചെയ്യുമെന്നാണു വിലയിരുത്തൽ.
അവസാന സമയത്ത് എഡിഎം നവീൻ ബാബു തന്നോടു തെറ്റുപറ്റിയെന്നു സമ്മതിച്ചതായി വ്യക്തമാക്കുന്ന കണ്ണൂർ ജില്ലാ കളക്ടർ എഴുതി നൽകിയ മൊഴി പ്രത്യേകമായി റിപ്പോർട്ടിനൊപ്പം സമർപ്പിച്ചിരുന്നു. എന്നാൽ എന്തു കാര്യത്തിലാണ് തെറ്റുപറ്റിയതെന്ന് കളക്ടറുടെ മൊഴിയിൽ പറഞ്ഞിരുന്നില്ല.