ന്യൂഡൽഹി: യുക്രെയ്നിൽ റഷ്യൻ സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യക്കാരനായ വിദ്യാർഥി കൊല്ലപ്പെട്ടത് കടയിൽ ഭക്ഷണം വാങ്ങാൻ വരിനിൽക്കുന്നതിനിടെ.
കർണാടകയിലെ ഹവേരി സ്വദേശി നവീൻ ശേഖരപ്പ ജ്ഞാനഗൗഡർ (21) ആണ് കൊല്ലപ്പെട്ടത്.
ബങ്കറിൽനിന്നും പുറത്തുപോകുന്നതിനു മുൻപ് നവീൻ പിതാവ് ശേഖർ ഗൗഡയുമായി സംസാരിച്ചിരുന്നു.
കർണാടകയിൽ നിന്നുള്ള മറ്റ് ചിലർക്കൊപ്പം താൻ ഒളിച്ചിരിക്കുന്ന ബങ്കറിൽ ഭക്ഷണവും വെള്ളവും തീർന്നുപോയെന്ന് നവീൻ പിതാവിനോട് പറഞ്ഞു.
ഭക്ഷണം വാങ്ങാൻ പുറത്തുപോകുകയാണെന്നും നവീൻ പിതാവിനെ അറിയിച്ചിരുന്നു.
കർക്കീവിലെ നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അവസാന വർഷവിദ്യാർഥിയാണ് നവീൻ.
കഴിഞ്ഞ ദിവസം റഷ്യ തകർത്ത സർക്കാർ കെട്ടിടത്തിന് സമീപമായിരുന്നു നവീൻ താമസിച്ചിരുന്നത്. ഗവർണറുടെ വീടിനു നേർക്കാണ് ആക്രമണം ഉണ്ടായത്.
ഈ സ്ഫോടനത്തിലാണ് നവീൻ കൊല്ലപ്പെട്ടത്. യുക്രെയ്ൻ സമയം 10.30 ന് ആയിരുന്നു നവീൻ കൊല്ലപ്പെട്ടത്.
ബങ്കറുകളിൽനിന്നു പുറത്തിറങ്ങരുതെന്നു തുടർച്ചയായ നിർദേശം യുക്രെയിൻ സേനയും ഇന്ത്യൻ എംബസിയും വിദ്യാർഥികൾക്കു നൽകിയിരുന്നു.
എന്നാൽ, ഭക്ഷണവും വെള്ളവും തീർന്നതോടെ പല വിദ്യാർഥികളും പുറത്തിറങ്ങാൻ ശ്രമിക്കുകയും മറ്റു സ്ഥലങ്ങളിലേക്കു നീങ്ങാൻ ശ്രമിക്കുകയുമൊക്കെ ചെയ്യുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
ഓരോ നിമിഷവും വിലപ്പെട്ടത്; വിദ്യാർഥികളെ രക്ഷപെടുത്തണമെന്ന് രാഹുൽ
ന്യൂഡൽഹി: യുക്രെയ്നിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ അനുശോചിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
യുക്രെയ്നിലെ ഇന്ത്യൻ വിദ്യാർഥികളെ രക്ഷപെടുത്തണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.
ഇതിനായി കേന്ദ്ര സർക്കാരിന് വ്യക്തമായ പദ്ധതി വേണമെന്നും രാഹുൽ പറഞ്ഞു. ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.