കൊയിലാണ്ടി: ശരണവഴികള്‍ താണ്ടി ശബരിമല ചവിട്ടാന്‍ ഇത്തവണയും നവീനിനോടൊപ്പം ഒരു ശ്വാനസഹചാരിയുണ്ടാവും. കഴിഞ്ഞ വർഷം കൂടെ മലകയറിയ “മാളു’ എന്ന നായയ്ക്കുപകരം ഇത്തവണ കൂട്ടായുള്ളത് മറ്റൊരു നായയാണ്. പറശ്ശിനിക്കടവില്‍ നിന്നാണ് പുതിയ അതിഥിയെത്തിയത്. കാല്‍നടയായുള്ള യാത്ര ഇപ്പോള്‍ കോഴിക്കോടിനടുത്ത് എലത്തൂര്‍ പിന്നിട്ട് കഴിഞ്ഞു.
ബേപ്പൂര്‍ അരക്കിണര്‍ സ്വദേശിയായ നവീനിനെ നിഴല്‍ പോലെ പിന്തുടര്ന്നാണ് കഴിഞ്ഞ വര്‍ഷം മാളു എന്ന നായ പതിനെട്ടാം പടിച്ചുവടുവരെ എത്തിയത്. യാത്രയിലുടനീളം അയ്യപ്പഭക്തരെ വിസ്മയിപ്പിച്ചായിരുന്നു മാളുവിന്റെ മലകയറ്റം. ശബരിമലയിലേക്കുള്ള യാത്രാമധ്യേയാണ് മാളു അപ്രതീക്ഷിതമായി നവീന്റെ സഹയാത്രികയായത്. കാല്‍നടയാത്രയില്‍ പാതയോരങ്ങളിലെ ക്ഷേത്രങ്ങളിലായിരുന്നു ഭക്ഷണവും വിശ്രമവും.
ഭക്തിസൂചകമായി മാളുവിന്റെ കഴുത്തില്‍ മുദ്ര ചാര്‍ത്താനും നവീന്‍ മറന്നില്ല. ഒടുവില്‍ പോലീസിന്റെ സുരക്ഷാവലയം മറികടന്ന് ഇരുവരും പതിനെട്ടാം പടിച്ചുവട് വരെ എത്തി. അവിടെവച്ച് ഇരുവരും പിരിഞ്ഞു. എന്നാല്‍ ദര്‍ശന സൗഭാഗ്യത്തിനുശേഷം തിരിച്ചെത്തിയ നവീന്‍ കണ്ടത് വിസ്മയകരമായ കാഴ്ചയായിരുന്നു.
മണിക്കൂറുകളോളം വിശപ്പും ദാഹവും വകവയ്ക്കാതെ തന്റെ സഹയാത്രികനായ നവീനിനെ കാത്തിരിക്കുകയായിരുന്നു മാളു. ദിവ്യമായ ഒരാത്മബന്ധത്തിന്റെ സംതൃപ്തിക്കൊടുവില്‍ ഇരുവരും തിരികെ ബേപ്പൂരിലേക്ക് മടങ്ങി.