കോട്ടയം: കളത്തിപ്പടി ഭവനത്തിലേക്കു കടന്നുചെല്ലുമ്പോള്‍ സ്വീകരിക്കാന്‍ നിറപുഞ്ചിരിയുമായി നെവിസിന്റെ ചിത്രങ്ങള്‍.
സ്വീകരണമുറിയില്‍ നിറയെ കുഞ്ഞുനാള് മുതലുള്ള നെവിസിന്റെ ചിത്രങ്ങള്‍ മാത്രം. നെവിസിന്റെ ഓര്മ നിറഞ്ഞുനില്ക്കുന്ന ഈ ഭവനത്തില്‍ ഇന്നും കണ്ണീരോര്‍മ മാത്രമേയുള്ളൂ.
ഏഴു പേരിലൂടെ ജീവിതവും സ്വപ്നങ്ങളും പറിച്ചു നട്ട് നെവിസ് സാജന് നിത്യതയിലേക്കു യാത്രയായിട്ട് ഒരാണ്ട്.
നെവിസിന്റെ കണ്ണുകളും കരളും ഹൃദയവും കൈകളും വൃക്കകളും സ്വീകരിച്ച ഏഴു പേരും നെവിസിന്റെ കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ്.
കര്‍ണാടക മുതല്‍ കോട്ടയം വരെയുള്ള ഏഴു പേരിലൂടെയാണ് സാജനും ഷെറിനും മകനെ കാണുന്നത്.
അകാലത്തില്‍ വേര്‍പിരിഞ്ഞ നെവിസ് സാജന്റെ ചരമവാര്‍ഷികദിനമായ 24ന് ഏഴു പേരും കുടുംബവുംഎത്തുന്നു.
രളചരിത്രത്തിലാദ്യമായാണ് ഒരാളുടെ അവയവങ്ങള്‍ സ്വീകരിച്ചവരെല്ലാം ഒരിടത്ത് ഒരുമിച്ചു കൂടുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 24നാണ് രക്തത്തില്‍ ഗ്ലൂക്കോസ് സാന്നിധ്യം കുറയുന്ന അവസ്ഥയായ ഹൈപ്പോഗ്ലൈസീമിയ ബാധിച്ച് വടവാതൂര്‍ കളത്തിപ്പടി വീട്ടില്‍ സാജന് മാത്യുവിന്റെയും ഷെറിന്റെയും മകന് നെവിസ് സാജന് (25) അന്തരിച്ചത്.
ഹൃദയം, കരള്‍, കൈകള്‍, വൃക്കകള്‍, കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. ഹൃദയം സ്വീകരിച്ച കണ്ണൂര്‍ സ്വദേശി പ്രേംചന്ദ് ,
കൈകള്‍ സ്വീകരിച്ച കര്‍ണാടക ബെല്ലാരി സ്വദേശി ബസവന ഗൗഡ, വൃക്ക കൾ സ്വീകരിച്ച മലപ്പുറം സ്വദേശി അന്‍ഷിഫ്,
തൃശൂര്‍ സ്വദേശി ബെന്നി, കരള്‍ സ്വീകരിച്ച നിലമ്പൂര്‍ സ്വദേശി വിനോദ്, കണ്ണുകള്‍ സ്വീകരിച്ച കോട്ടയം സ്വദേശികള്‍ എന്നിവരും അവരുടെ കുടുംബാംഗങ്ങളുമാണ് നെവിസിന്റെ ഓര്‍മയ്ക്കു മുന്നില്‍ എത്തുന്നത്.
നെവിസിന്റെ ഓര്‍മയ്ക്കായി രൂപീകരിച്ച ജീവകാരുണ്യസംഘടനയായ നെവിസ് നുവോ ഫൗണ്ടേഷനും അന്നേദിവസം തുടക്കം കുറിക്കും.
സാജനും കുടുംബാംഗങ്ങളും അവയവദാന സമ്മതപത്രത്തില്‍ ഒപ്പിടും. ഇതു കൂടാതെ അവയവദാന രജിസ്ട്രേഷനുമായി പ്രത്യേക കൗണ്ടര്‍ തുറക്കും.
കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന ചടങ്ങില്‍ തിരുവല്ല ആർച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ്, മന്ത്രിമാരായ വീണാ ജോര്‍ജ്,
വി.എന്‍. വാസവന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ജോസ് കെ. മാണി എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ തുടങ്ങിയവർ പങ്കെടുക്കും.
സാജന്റെയും ഷെറിന്റെയും മൂത്ത മകനാണ് നെവിസ്. എല്‍വിസും വിസ്മയയുമാണ് സഹോദരങ്ങള്‍.
നെവിസിന് മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ മാതാപിതാക്കൾ സ്വമേധയാ അവയവദാനത്തിന് മുന്നോട്ടു വരികയായിരുന്നു. നെവിസ് ഇന്നും ജീവിക്കുകയാണ്, ഏഴു പേരിലൂടെ.