പയ്യന്നൂര്‍:രാമന്തളിയിലെ ജനജീവിതം ദുസഹമാക്കി നാവിക അക്കാദമി മാലിന്യപ്ലാന്റില്നിന്നും വീണ്ടും ദുര്‍ഗന്ധവും മലിനജലവും. ജനരോഷവും പ്രതിഷേധങ്ങളും അവസാനിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം ജനങ്ങളുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ നടപടിയെടുക്കാത്ത സമീപനങ്ങള്‍ക്കെതിരെ വീണ്ടും ശക്തമായ പ്രതിഷേധമാണുയരുന്നത്.
രാത്രികാലങ്ങളിലാണു കൂടുതലായി ദുര്‍ഗന്ധം വമിക്കുന്നതെന്നു പരിസരവാസികള്‍ പറയുന്നു. ഇതുമൂലം ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. കിണറുകള്‍ വറ്റുന്ന വേനല്‍ക്കാലത്തും കഴിഞ്ഞ വര്ഷത്തെപോലെ കിണറുകളില്‍ ജലനിരപ്പ് ഉയരുന്ന അവസ്ഥയുമുണ്ട്. മാലിന്യ പ്ലാന്റില്നിന്നുമുള്ള മലിന ജലമാണ് കിണറുകളിലേക്ക് ഒഴുകിയെത്തുന്നതെന്നാണു പഞ്ചായത്ത് ഭരണസമിതി നടത്തിയ പരിശോധനയില്‍ ബോധ്യമായത്.
ഈ പ്രശ്നം നാവിക അക്കാദമി അധികൃതരുടേയും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരുടേയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ആരും പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുയരുന്നു.ഇതിനിടെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന മാലിന്യ പ്ലാന്റുകള്‍ മൂന്നുമാസത്തിനകം അടച്ചുപൂട്ടിക്കണമെന്ന സുപ്രീംകോടതി വിധിയുണ്ടായെങ്കിലും അതും ഇവിടെ നടപ്പിലായില്ല.
ഈ വിധി നടപ്പിലാക്കേണ്ട സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയും മലിനീകരണ ബോര്‍ഡ് ചെയര്‍മാനും അംഗങ്ങളായുള്ള സമിതി അനുമതിയില്ലാത്ത മാലിന്യ പ്ലാന്റിന് അനുമതി നല്‍കാനുള്ള നീക്കം നടത്തുകയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ ആരോപണം ശരിവയ്ക്കുന്ന തരത്തില്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ അനുമതിയില്ലാതെ പ്രവര്‍ത്തിച്ചിരുന്ന അക്കാദമിയുടെ എസ്ടിപി ടാങ്കിനു മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നല്‍കുകയായിരുന്നു.
ആറുമാസത്തിനുള്ളില്‍ പരിഹാര നടപടികള്‍ സ്വീകരിക്കുമെന്നുള്ള നാവിക അക്കാദമിയുടെ ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ നടപടിയില്ലാതിരിക്കേയാണു ജനങ്ങളെ ദുരിതത്തിലാക്കിയ മാലിന്യ പ്രശ്നം വീണ്ടും ഉയരുന്നത്. ഇതിനെതിരെ രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം.വി.ഗോവിന്ദന്, മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് ഇന്നലെ നിവേദനമയച്ചു.
മലിനജലമുയര്ന്ന കിണറുകളിലെ വെള്ളം പരിശോധനക്കായും അയച്ചിട്ടുണ്ട്. ജനങ്ങളുടെ ദുരിതം പരിഹരിക്കാന്‍ നടപടിയെടുക്കാത്ത നാവിക അക്കാദമി അധികൃതര്‍ക്കെതിരെ ശക്തമായ ജനരോഷവുമുയരുന്നുണ്ട്.