മോസ്കോ: ജോർജിയയിലെ വിഘടിത പ്രദേശമായ അബ്കാസിയായിൽ റഷ്യ നാവികതാവളം നിർമിച്ചേക്കുമെന്നു റിപ്പോർട്ട്.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയിൽ ഇക്കാര്യത്തിൽ ധാരണയായെന്ന് അബ്കാസിയായിലെ സ്വയംപ്രഖ്യാപിത പ്രസിഡന്റ് അസ്ലൻ ബഷാനിയ പറഞ്ഞു. കരിങ്കടൽ തീരത്തെ നാവികതാവളം അബ്കാസിയായുടെയും റഷ്യയുടെയും സുരക്ഷ മുന്നിൽകണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജോർജിയയിലെ വിഘടിത പ്രദേശങ്ങളായ അബ്കാസിയയ്ക്കും തെക്കൻ ഒസെത്തിയയ്ക്കും റഷ്യയുടെ പിന്തുണയുണ്ട്. 2008ൽ ജോർജിയയും റഷ്യയും തമ്മിൽ യുദ്ധമുണ്ടായി. ഇതിനു പിന്നാലെ ഇരു പ്രദേശങ്ങളെയും സ്വതന്ത്ര രാജ്യങ്ങളായി റഷ്യ അംഗീകരിച്ചു.