പയ്യന്നൂർ: നാവിക അക്കാദമി മാലിന്യപ്രശ്നത്തിനു ശാശ്വത പരിഹാരം കാണമെന്നാവശ്യപ്പെട്ടു ജനാരോഗ്യ സംരക്ഷണ സമിതി പ്രക്ഷോഭങ്ങൾ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി നാവിക അക്കാദമിയിൽ പാസിംഗ് ഔട്ട് പരേഡ് നടക്കുന്ന 25, 26 തീയതികളിൽ രാമന്തളി പഞ്ചായത്തിൽ കരിദിനവും 24 ന് വഞ്ചനാദിനവും ആചരിക്കും.
സമരസമിതിയുമായി കരാർ ഉടമ്പടി ഉണ്ടാക്കിയതിന്റെ ഒരു വർഷം തികയുന്നതിനാലാണു 24 ന് വഞ്ചനാദിനമായി ആചരിക്കുന്നത്. കഴിഞ്ഞ വർഷം ജനാരോഗ്യ സംരക്ഷണ സമിതിയുമായി നാവിക അക്കാദമി അധികൃതർ കരാർ ഉണ്ടാക്കിയതിനെ തുടർന്നായിരുന്നു സമരം പിൻവലിച്ചത്. എന്നാൽ സമരമവസാനിപ്പിച്ച് ഒരു വർഷമായിട്ടും ഒത്തുതീർപ്പു വ്യവസ്ഥകൾ നടപ്പാക്കിയില്ലെന്നാണു സമരസമിതിയുടെ ആരോപണം.
അക്കാദമി അധികൃതരുമായി ഉണ്ടാക്കിയ കരാർ നടപ്പിലാക്കുമെന്നു കേന്ദ്ര പ്രതിരോധ മന്ത്രാലയവും സമരസമിതിക്ക് ഉറപ്പുനൽകിയിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെ സമരസമിതിയുടെ പ്രതിഷേധം അറിയിക്കുന്നതിനു കൂടിയാണു 25, 26 തീയതികളിലെ കരിദിനാചരണമെന്നു ജനാരോഗ്യ സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.