കായംകുളം: നവോഥാനം എന്നാൽ സ്ത്രീകളെ മല കയറ്റുന്നതല്ലന്ന് യു.പ്രതിഭ എംഎൽഎ യുടെ ഫേസ് ബുക്ക് പോസ്റ്റ്. മാധ്യമങ്ങളെയും സിപിഎം എംഎൽഎയുടെ പോസ്റ്റിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇതാണ്-
കുറച്ച് കൂടെ ക്ഷമിച്ചുകൂടെ മാധ്യമങ്ങളേ, അന്നും ഇന്നും എന്നും പറയുന്നു സ്ത്രീകളെ മല കയറ്റുന്നതല്ല നവോത്ഥാനം. എന്നാൽ പുരോഗമന സമൂഹത്തിൽ സ്ത്രീകൾക്ക് നേരെ നടന്ന ആക്ഷേപങ്ങളെ ചെറുക്കാൻ പഴയ ഇരുണ്ട കാലത്തേക്ക് നടക്കേണ്ടവരല്ല സ്ത്രീകൾ എന്ന് പറയാൻ ഞങ്ങൾ വനിതാ മതിൽ തീർത്തു. ഈ നാടിനെ വിശ്വാസങ്ങളുടെ തീയിൽ വെന്തു വെണ്ണീറാക്കാൻ ആഗ്രഹിച്ചവർക്ക് എന്റെ പാർട്ടി കൊടുത്ത വ്യക്തമായ മറുപടി ആയിരുന്നു വനിതാ മതിൽ.
ആർഎസ്എസ് കാരും പകൽ കോണ്ഗ്രസും രാത്രി ആർഎസ്എസ്കാരും ആയി കഴിയുന്ന ചിലർ വനിതാ മതിലിനെതിരെ വ്യാപകമായ കള്ളപ്രചരണങ്ങൾ അഴിച്ചു വിട്ടു. ഒന്നും ഫലം കണ്ടില്ല. ഇപ്പോൾ സിപിഎം ആണ് സ്റ്റേ സൃഷ്ടിച്ചത് എന്ന മട്ടിൽ തുടങ്ങി പ്രചരണം. ഇനി സുപ്രീം കോടതി വിധിയും കൊണ്ട് മല കയറാൻ ആരെങ്കിലും വന്നാൽ നിങ്ങൾ എന്തിനാണ് കാമറയുമായി അവരുടെ പിന്നാലെ പോകുന്നത്.
എന്തിനാണ് നമ്മുടെ നാട് കത്തിക്കാൻ കൂട്ട് നിൽക്കുന്നത്. ഭൂപരിഷ്കരണം അട്ടിമറിക്കാൻ കൂട്ടുനിന്നവരൊക്കെ ഇന്ന് ഇന്ത്യയിലെ നന്പർവണ് ഗവണ്മെന്റ് ആയ കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ തകർക്കാൻ അണിയറയിൽ നടത്തുന്ന നീക്കങ്ങൾ തലയിൽ അൽപമെങ്കിലും ആൾ താമസമുള്ളവർക്ക് മനസിലാകും. ഞങ്ങൾക്കറിയാം വരും ദിവസങ്ങളിൽ നിങ്ങളൊക്കെ സജീവമാകും.
കാരണം വിശ്വാസ സമൂഹമാകുന്ന ആട്ടിൻ കുഞ്ഞുങ്ങളുടെ ചോര കുടിക്കാനായി കഴിഞ്ഞ വർഷം നിങ്ങൾ അഴിച്ചു വെച്ച ആട്ടിൻ തോൽ കുപ്പായം പൊടി തട്ടിയെടുക്കുന്ന ദുർഗന്ധം അത് അറിയാൻ തുടങ്ങിയിട്ടുണ്ട്. ശബരിമല ധർമ്മശാസ്താവേ.. പത്ത് വോട്ടിന് വേണ്ടി, ഒരു നേരത്തെ വാർത്തക്കുവേണ്ടി ഈ നാട് നശിപ്പിക്കാൻ നോക്കുന്നവരെ അങ്ങ് തന്നെ ഒന്ന് ശ്രദ്ധിച്ചേക്കണേ . നിരവധിപേർ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ട്രോളിയും രംഗത്തെത്തിയിട്ടുണ്ട്.