ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിൾസിൽ വൻ അട്ടിമറി. നിലവിലെ ചാന്പ്യനും ലോക ഒന്നാം നന്പർ താരവുമായ നവോമി ഒസാക്ക പ്രീ ക്വാർട്ടറിൽ പുറത്തായി. സ്വിസ് താരം ബെലിൻഡ ബെൻസിച്ചാണ് ഒസാക്കയെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ബെൻസിച്ചിന്റെ വിജയം. സ്കോർ 7-5, 6-4.
ഈ വർഷം മൂന്നാം തവണയാണു പതിമൂന്നാം സീഡായ ബെൻസിച്ച് ഒസാക്കയെ തോൽപ്പിക്കുന്നത്. നേരത്തെ ഇന്ത്യൻ വെൽസിലും മാഡ്രിഡിലും ബെൻസിച്ച് ഒസാക്കയെ വീഴ്ത്തിയിരുന്നു. ഡോണ വെകിച്ചാണു ക്വാർട്ടറിൽ ബെൻസിച്ചിന്റെ എതിരാളി.
ഈ തോൽവിയോടെ ലോക ഒന്നാം നന്പർ സ്ഥാനം ഒസാക്കയ്ക്കു നഷ്ടമാവും. ഓസ്ട്രേലിയയുടെ ആഷ്ലി ബാർട്ടി ഒന്നാം സ്ഥാനത്തു തിരിച്ചെത്തും. കഴിഞ്ഞ വർഷം സെറീന വില്ല്യംസിനെ അട്ടിമറിച്ചാണ് ഒസാക്ക കന്നി ഗ്രാൻസ്ലാം കിരീടം സ്വന്തമാക്കിയത്.