മലയാളത്തിലെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് നവ്യ നായര്‍. സിബി മലയില്‍ ഒരുക്കിയ ഇഷ്ട്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായികയായി ആണ് നവ്യയുടെ മലയാള സിനിമ അരങ്ങേറ്റം.
രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രം നവ്യയെ മലയാളികളുടെ പ്രിയങ്കരിയാക്കി മാറ്റി.
തമിഴകത്തും നായികയായി നവ്യ നായര്‍ തിളങ്ങിയിരുന്നു. കേരള സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ ഒരു നടി കൂടിയാണ് നവ്യ നായര്‍.
വിവാഹത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറിയ നവ്യ സിനിമകളില്‍ നിന്നും ഒരു ഇടവേള എടുത്തിരുന്നു.
സിനിമാ ലോകത്ത് നിന്നും വിട്ടുനിന്ന താരം കുടുംബ ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു എങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി വിശേഷങ്ങള്‍ പങ്കു വെക്കാന്‍ താരം മറന്നിരുന്നില്ല.
എന്നാല്‍ പത്തു വര്‍ഷത്തെ ഇടവേളക്ക് ശേഷം വളരെ ശ്രദ്ധേയമായ ഒരു തിരിച്ചുവരവ് തന്നെയായിരുന്നു താരം നടത്തിയിരുന്നത്.
വികെ പ്രകാശിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒരുത്തി എന്ന സിനിമയില്‍ രാധാമണി എന്ന കഥാപാത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു നവ്യ.
നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ നവ്യയ്ക്ക് വലിയ സ്വീകരണം ആണ് പ്രേക്ഷകര്‍ക്ക് ഇടയില്‍ നിന്നും ലഭിച്ചത്.
അതേസമയം മുന്‍പ് ഒരിക്കല്‍ നവ്യാ നായര്‍ പങ്കുവച്ച തന്റെ സ്കൂള്‍ ഓര്‍മ്മകളാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത്.
നവ്യയുടെ വാക്കുകള്‍ ഇങ്ങനെ…ഒന്നാം ക്ലാസിലാണ് ഞാന്‍ അന്ന് പഠിക്കുന്നത്. കായംകുളത്തെ ഞങ്ങളുടെ വീടിന്റെ തൊട്ടടുത്താണ് സെന്റ്മേരീസ് ഗേള്‍സ് ഹൈസ്കൂള്‍.
സ്കൂളില്‍ എല്ലാവരും പരസ്പരം ഫുള്‍ നെയിം ആണ് വിളിക്കുന്നത്. എടീ പോടീ എടോ ഇത്തരം വിളികള്‍ ഒന്നുമില്ല. ഒരു ദിവസം എന്തോ പറഞ്ഞപ്പോള്‍ തൊട്ടടുത്തിരുന്ന കുട്ടിയോട് താനൊന്ന് പോടോ എന്ന് വെറുതേ പറഞ്ഞു.
അത് ആ കുട്ടി വലിയ പ്രശ്നമാക്കി. കുട്ടി വലിയ പ്രശ്നമായി എടുത്തതോടെ ഞാനും എന്തോ തെറ്റ് ചെയ്തുവെന്ന ഭാവം എനിക്കും വന്നു.
പോടോ എന്ന് വിളിച്ചത് ടീച്ചറോട് പറയാതിരിക്കണമെങ്കില്‍ എന്റെ ഇന്റര്‍വെല്‍ സ്നാക്സ് കൊടുക്കണമെന്നാണ് ആ കുട്ടി ആവശ്യപ്പെട്ടത്.
ടീച്ചറോട് പറയാതിരിക്കാന്‍ കൊടുക്കേണ്ടി വന്നത് എന്റെ ഒരു വര്‍ഷത്തെ എന്റെ ഇന്റര്‍വെല്‍ സ്നാക്സാണ്.
ചെറിയ കുട്ടികള്‍ക്ക് ഇന്റര്‍വെല്ലിന് കഴിക്കാന്‍ സ്നാക്സ് കൊണ്ടുപോകുന്ന പതിവ് ഉണ്ടായിരുന്നു. ആ കൊല്ലം മുഴുവന്‍ ഞാന്‍ കൊണ്ടു വരുന്ന സ്നാക്സ് ആ കുട്ടിയുടെ ഭീഷണി ഭയന്ന് അവള്‍ക്ക് കൊടുക്കും.
ഞാന്‍ ഒന്നും കഴിക്കാതെയിരിക്കും. വീട്ടില്‍ സ്പെഷല്‍ സ്നാക്സ് വാങ്ങുമ്പോള്‍ അമ്മ അതെടുത്ത് മാറ്റി വയ്ക്കും. എന്നിട്ട് എന്നോട് പറയും, നാളെ സ്കൂളില്‍ പോകുമ്പോള്‍ തരാമെന്ന്.
എന്റെ പൊന്നമ്മേ കൊണ്ടു പോകുന്നതൊന്നും എനിക്ക് കഴിക്കാന്‍ പറ്റില്ല എന്ന് പറയണമെന്നുണ്ട്. അമ്മയുടെ കയ്യില്‍ നിന്ന് കൂടി അടി കിട്ടുമോ എന്നായിരുന്നു എന്റെ പേടി. അതുകൊണ്ട് ആ രഹസ്യം ഞാന്‍ ആരോടും പറഞ്ഞില്ല.
ചുരുക്കി പറഞ്ഞാല്‍ ഒരു കൊല്ലം എന്റെ സ്നാക്സ് മുഴുവന്‍ അവള് കഴിച്ചു. പരീക്ഷ ഒക്കെ വരുമ്പോള്‍ അവള്‍ക്കറിയാത്തത് ഒക്കെ ഞാന്‍ കാണിച്ചു കൊടുക്കണം.
രണ്ടാം ക്ലാസ് ആയപ്പോള്‍ ആ കുട്ടി വേറെ ക്ലാസിലായി. അന്നു മുതലാണ് ഞാന്‍ ശ്വാസം നേരെ വിട്ടത് എന്നും നവ്യ നായര്‍ വ്യക്തമാക്കിയിരുന്നു.