ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് നവ്യ നായര്‍.
സ്കൂള്‍ കലോത്സവവേദിയില്‍നിന്ന് സിനിമയിലേക്ക് എത്തിയ നവ്യ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായിരുന്നു.
വിവാഹത്തോടെ അഭിനയരംഗത്തുനിന്ന് താരം ഇടവേളയെടുത്തെങ്കിലും അടുത്തിടെയായി വീണ്ടും സിനിമയില്‍ സജീവമാകുകയാണ് താരം. സിനിമയ്ക്ക് പുറമെ ടിവി പരിപാടികളിലും താരം പ്രത്യക്ഷപ്പെടുന്നുണ്ട്.
ഇപ്പോഴിതാ, പേര് സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലും മറ്റും ഉയരുന്ന ചര്‍ച്ചകള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നവ്യ.
‘എനിക്ക് മുറിക്കാന്‍ ജാതിവാല് ഇല്ല; ഞാന്‍ ഇപ്പോഴും ധന്യ വീണയാണ്’ നവ്യ വ്യക്തമാക്കുന്നു. ഔദ്യോഗിക പേര് നവ്യ നായര്‍ എന്നല്ലെന്നും അതിനാല്‍ ജാതിവാല് മുറിക്കാനാവില്ലെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
നവ്യാനായര്‍ എന്നത് താന്‍ തെരഞ്ഞെടുത്ത പേരല്ല എന്നും സിബി അങ്കിളും(സംവിധായകന് സിബി മലയില്‍) മറ്റുള്ളവരും ഇട്ട പേരാണ് ഇതെന്നുമാണ് നവ്യാ നായര്‍ പറയുന്നത്.
പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ സിനിമയിലെത്തുന്നത്. അന്ന് സംവിധായകരും എഴുത്തുകാരും പ്രൊഡ്യൂസേഴ്സും എല്ലാം ഇട്ട പേരാണ് നവ്യ നായര്‍’ നവ്യ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
നവ്യാ നായര്‍ എന്ന പേരിടുമ്പോള്‍ എനിക്ക് അന്ന് അവിടെ വോയ്സ് ഇല്ല. ഞാന്‍ ഇനി പേരുമാറ്റിയാലും എല്ലാവരുടെ ഉള്ളിലും നവ്യ നായര്‍ തന്നെയായിരിക്കുമെന്നും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ നടി പറഞ്ഞു.
നവ്യ നായര്‍ എന്നു വിളിക്കുന്നത് തന്റെ ജാതി മനസ്സിലാക്കിയിട്ടല്ല. അത് എന്റെ പേര് ആയിപ്പോയി. ഇനി ഇത് മുറിച്ചു മാറ്റാം എന്നു വച്ചാല്‍ തന്നെ എന്റെ ഒരു ഔദ്യോഗിക രേഖകളിലും ഞാന്‍ നവ്യ അല്ല, ധന്യ വീണ ആണ്. ഗസറ്റിലെ എന്റെ പേര് അതാണ്’നവ്യ പറയുന്നു.
‘എന്റെ ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്… ഇതിലൊക്കെ ഞാന്‍ ധന്യ വീണ തന്നെ ആണ്. അതിലൊന്നും ജാതിവാല് ഇല്ല, പിന്നെ ഞാന്‍ എങ്ങനെ മുറിക്കും’ നവ്യ നായര്‍ ചോദിച്ചു.
ജാനകീ ജാനേ ആണ് നവ്യ നായരുടെ പുതിയ സിനിമ. ഇതില്‍ സൈജു കുറുപ്പാണ് നായകന്.