ഇഷ്ടം എന്ന ദിലീപ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന് ഏതാനും ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച്, മലയാള സിനിമാസ്വാദകരുടെ ഇഷ്ടക്കാരിയായി മാറിയ നടിയാണ് നവ്യ നായര്‍. എന്നാല്‍ സിനിമയില്‍ തിളങ്ങി നില്ക്കുന്ന സമയത്തു തന്നെ വിവാഹിതയായ നവ്യ അഭിനയ ജീവിതത്തോട് താത്കാലികമായി വിട പറയുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ കൂടുതല്‍ സുന്ദരിയായി തന്നെ നവ്യ സിനിമാലോകത്തേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ തന്റെ ആദ്യ ചിത്രത്തെയും അതിലെ നായകന് ദിലീപിനെയും കുറിച്ചുള്ള തന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് നവ്യ. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നവ്യ, ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ രസകരമായ ചില നിമിഷങ്ങള്‍ വെളിപ്പെടുത്തിയത്.
നവ്യയുടെ വാക്കുകള്‍ ഇങ്ങനെ…
ഇഷ്ടത്തിന് വേണ്ടി സംവിധായകന് സിബി മലയില്‍ എന്റെ ഫോട്ടോ കണ്ട് സ്ക്രീന്‍ ടെസ്റ്റ് ചെയ്യാനായി വിളിച്ചു. തൃശ്ശൂരിലെ ലൂസിയ ഹോട്ടലിലായിരുന്നു ടെസ്റ്റ്. ഞാന്‍ അവതരിപ്പിച്ച മോണോ ആക്ട് അവര്‍ വീഡിയോയിലെടുത്തു. അത് ദിലീപേട്ടന് അയച്ചുകൊടുത്തു. ദിലീപേട്ടനും മഞ്ജുച്ചേച്ചിയും ഇരുന്ന് വീഡിയോ കണ്ടാണ് എന്നെ സെലക്ട് ചെയ്യുന്നത്. അന്ന് ഈ കുട്ടി പോരാ എന്ന് അവര്‍ പറഞ്ഞാല്‍ തീര്‍ന്നില്ലേ..പിന്നെ ഞാനില്ലല്ലോ-നവ്യ പറഞ്ഞു.
ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് അദ്ദേഹത്തോട് വലിയ റെസ്പെക്ടാണ്. ഇഷ്ടത്തിന്റെ ലൊക്കേഷനില്‍ ഒരു സംഭവമുണ്ടായി. അന്ന് ഒരു സിനിമാ മാസികയ്ക്ക് വേണ്ടി അവിടെ ഒരു ഫോട്ടോഷൂട്ട് നടക്കുന്നുണ്ട്.
ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സമയത്ത് ദിലീപേട്ടന് എന്റെ തോളത്ത് കൈ വെച്ചു, പടപടാന്ന് എന്റെ നെഞ്ചിടിക്കാന്‍ തുടങ്ങി, ആദ്യമായിട്ടാണ് പുറത്തുള്ളൊരാള്‍ എന്നെ തൊടുന്നത്. നാട്ടിന്‍പുറത്തൊക്കെ വളര്‍ന്ന ആ ഒരു പ്രായത്തിലുള്ള ഒരു പെണ്‍കുട്ടി ഭയങ്കരമായി പരിഭ്രമിച്ചുപോകുന്ന നിമിഷമാണത്. എന്റെ നെഞ്ചിടിപ്പിന്റെ ശബ്ദം തോളത്ത് കൈവച്ചിരിക്കുന്ന ആ മനുഷ്യന് തിരിച്ചറിഞ്ഞെന്ന് തോന്നുന്നു.
ദിലീപേട്ടന് പറഞ്ഞു ‘മോള് പേടിക്കേണ്ട കേട്ടോ. ഞങ്ങളൊന്നും ചെയ്യില്ല. നമ്മള് എല്ലാവരും ഇനി ഒന്നായിട്ട് വര്‍ക്ക് ചെയ്യാന്‍ പോവുകയാണ്’… ആ വാക്കുകളിലുള്ള പരിഗണനയും പിന്തുണയും എനിക്കൊരിക്കലും മറക്കാനാവില്ല നവ്യ പറഞ്ഞു