തിരുവനന്തപുരം: സർവകലാശാല കലോത്സവങ്ങൾ ഉൾപ്പെടെയുള്ളവയിൽ പങ്കെടുത്ത് ഇപ്പോൾ സെലിബ്രിറ്റികളായവർ യുവജനോത്സവങ്ങൾ ഉദ്ഘാടനം ചെയ്യാൻ പണം വാങ്ങരുതെന്ന് മന്ത്രി വി.ശിവൻ കുട്ടി.
കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവെയാണ് മന്ത്രി നടി നവ്യ നായരെ വേദിയിൽ ഇരുത്തി ഇത്തരത്തിൽ പരാമർശം നടത്തിയത്.
മന്ത്രിയുടെ പ്രസംഗം നടക്കുന്പോൾ തന്നെ നവ്യ ഇക്കാര്യത്തിലുള്ള തന്റെ അസ്വസ്ഥത പ്രകടമാക്കുന്നത് കാണാമായിരുന്നു.സിൻഡിക്കേറ്റ് അംഗം ഷിജുഖാൻ ഉൾപ്പെടെയുള്ളവരോട് ഇക്കാര്യം വേദിയിലിരുന്നു സംസാരിക്കുന്നതും കാണാമായിരുന്നു.
മന്ത്രിയുടെ പ്രസംഗത്തിനു ശേഷം പ്രസംഗിക്കാനായി സംഘാടകർ നവ്യ നായരെ ക്ഷണിച്ചു. മന്ത്രിയെ തിരുത്തിക്കൊണ്ടായിരുന്നു നവ്യയുടെ പ്രസംഗം തുടങ്ങിയതു തന്നെ.
താൻ ഒരു രൂപപോലും വാങ്ങാതെയാണ് ഈ പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയതെന്നും നവ്യ കൂട്ടിച്ചേർത്തു. വന്നവഴി ഒരിക്കലും മറക്കില്ലെന്നും നവ്യ പരാമർശിച്ചു.