കാഞ്ഞങ്ങാട്: സ്വപ്നങ്ങള്‍ക്ക് അതിര്‍ത്തികള്‍ കൽപ്പിക്കാതെ സ്വതന്ത്രമായി ചിന്തിച്ചു വളര്‍ന്നപ്പോള്‍, കാഞ്ഞങ്ങാട്ടുകാരി നവ്യ നാരായണന്റെ ലോകവും അതിര്‍ത്തികള്‍ കടന്നുവളര്ന്നു.
ഐക്യരാഷ്ട്രസഭയും ഇന്തോനേഷ്യന്‍ സര്‍ക്കാറും സംയുക്തമായി സംഘടിപ്പിച്ച മോഡല്‍ യുണൈറ്റഡ് നേഷന്‍ പാര്‍ട്ട് മൂന്നില്‍ കേരളത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട് ഇന്തോനേഷ്യയിലെ ബാലിയില്‍ പ്രബന്ധം അവതരിപ്പിച്ച മലയാളികളായ അഞ്ചുപേരില്‍ ഒരാളാണ് നവ്യ നാരായണന്.
ആഫ്രിക്കന്‍ രാജ്യമായ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ ജനങ്ങളുടെ വിശപ്പകറ്റാന്‍ എന്തൊക്കെ ചെയ്യാം എന്നതായിരുന്നു നവ്യയ്ക്ക് ലോക ഭക്ഷ്യസംഘടന പ്രബന്ധ അവതരണത്തിന് നൽകിയ വിഷയം.
സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ ലഭ്യമായ വിഭവങ്ങള്‍ വ്യക്തി കേന്ദ്രീകൃതമായി അനുവദിച്ചു പദ്ധതികള്‍ നടപ്പിലാക്കിയാല്‍ അവിടുത്തെ വിശപ്പകറ്റാന്‍ കഴിയുമെന്നു നവ്യ സമര്‍ഥിക്കുന്നു.
നവ്യ അവതരിപ്പിച്ച പ്രബന്ധം ഐക്യരാഷ്ട്രസഭയിലേക്ക് സമര്‍പ്പിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ടാല്‍ നവ്യയുടെ ആശയം സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്കില്‍ നടപ്പിലാക്കും.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച അനുമോദനസദസില് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നവ്യയെ അനുമോദിച്ചു.
കാഞ്ഞങ്ങാട് ആലാമിപ്പള്ളി നന്ദനത്തില്‍ നാരായണന് മുതിയക്കാലിന്റെയും കെ.വി. ബിന്ദുവിന്റെയും മകളാണ് നവ്യ. കേന്ദ്രസര്‍വകലാശാല തിരുവനന്തപുരം കാമ്പസിലെ ബിഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ്.
ഡിഗ്രി പഠനത്തോടൊപ്പം സിവില്‍ സര്‍വീസ് പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുക്കുന്ന നവ്യയുടെ ജീവിതാഭിലാഷം ഐഎഫ്എസ് നേടുകയെന്നതാണ്.