മലയാള സിനിമയിലെ സൂപ്പർ നായികമാരിൽ ഒരാളാണ് നവ്യ നായർ. വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തെങ്കിലും ഒരുത്തിയിലൂടെ ശക്തമായ ഒരു തിരിച്ചുവരവ് ആണ് താരം നടത്തിയത്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചകൾക്ക് വഴിതെളിച്ച സംഭവമായിരുന്നു നവ്യയുടെ സാരി വിൽപന.
ഒരിക്കൽ മാത്രം താൻ ഉടുത്ത സാരിയും, വാങ്ങിയിട്ട് ധരിക്കാൻ സാധിക്കാത്തതുമായ സാരികളുമാണ് വിൽപനയ്ക്കായി താരം വച്ചിരുന്നത്. കാഞ്ചീപുരം മുതൽ കോട്ടൻ സാരികൾ വരെ വിൽപനയ്ക്കെത്തിച്ചവയിൽ ഉണ്ടായിരുന്നു. ഇതിനായി പ്രീ-ലവ്ഡ് ബൈ നവ്യാ നായർ എന്ന പേരിൽ ഒരു ഇൻസ്റ്റാഗ്രാം പേജും നടി ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതിനെതിരേ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ട്രോളുകൾക്ക് വഴിതെളിച്ചു.
പലരും നവ്യയ്ക്കെതിരേ വിമർശനവുമായി രംഗത്തെത്തിയിരുന്നു. എന്നാലിപ്പോൾ തന്നെ വിമർശിച്ചവരുടെയെല്ലാം വാ അടപ്പിക്കുകയാണ് താരം. ഇപ്പോഴിതാ സാരി വിറ്റ് ലഭിച്ച പൈസയുമായി ഗാന്ധി ഭവനിൽ കഴിയുന്ന അനാഥരായ അമ്മമാർക്ക് സമ്മാനവുമായി എത്തിയിരിക്കുകയാണ് നവ്യ. അന്തേവാസികൾക്ക് പുതുവസ്ത്രങ്ങളും മധുരവും ഗാന്ധിഭവൻ സ്പെഷ്യൽ സ്കൂളിന് ഒരു ലക്ഷം രൂപയും നവ്യ സമ്മാനിച്ചു.
മകൻ സായിക്കും അമ്മയ്ക്കും ഒപ്പം ആണ് നവ്യ ഗാന്ധി ഭവനിൽ എത്തിയത്. “നമുക്ക് എന്ത് കാര്യം ആണെങ്കിലും നമ്മുടെ കുട്ടിയോട് മാത്രമേ കാണിക്കാനും കാണിച്ചു കൊടുക്കാനും പറ്റുള്ളൂ. ഒരുപക്ഷെ ഇവിടെ വരുമ്പോൾ മാത്രമാണ് സായികുട്ടൻ അടക്കമുള്ള അവരുടെ തലമുറയിൽപ്പെട്ട ഇന്നത്തെ ജെനറേഷനിൽ ഉള്ള വളരെ പ്രിവിലേജ്ഡ് ആയ കുട്ടികൾക്ക് മനസിലാവുക അവർക്ക് ഈശ്വരൻ എന്താണ് കൊടുത്തിട്ടുള്ളത് എന്ന്.
പല സാഹചര്യങ്ങൾ കൊണ്ടായിരിക്കും അച്ഛൻ അമ്മമാർ ഇവിടെ എത്തപ്പെട്ടിട്ടുള്ളത്. പൂർണമായും നമുക്ക് ആരെയും കുറ്റം പറയാൻ പറ്റില്ല. അതുകൊണ്ട് തന്നെ ആരെയും കുറ്റപ്പെടുത്തി ഇല്ലെങ്കിലും അഭിനന്ദിക്കാനും സ്നേഹിക്കാനും നമുക്ക് പറ്റുമല്ലോ. ആ സ്നേഹം എനിക്ക് ഇവിടുത്തെ സാറിനോട് ആണ്. സാറിന്റെ ജീവിതം ഇവിടെയുള്ളവർക്ക് വേണ്ടി അദ്ദേഹം മാറ്റിവച്ചതുകൊണ്ടാണ് ഇവിടെയുള്ളവർ എല്ലാം ഇത്രയും സന്തോഷത്തോടെ ഇവിടെ ജീവിക്കുന്നത്.
ഞാൻ എന്റെ മോനോട് ഗാന്ധിഭവനെ കുറിച്ച് പറഞ്ഞപ്പോൾ അവൻ പറഞ്ഞത് ഇറ്റ് ഈസ് ഇന്റർനാഷണലി ഫേമസ് അമ്മ എനിക്ക് അറിയാം എന്നാണ്. ഞാൻ ഗൂഗിളിൽ ഒക്കെ നോക്കി അത് വളരെ ഫേമസ് ആണ് എന്നവൻ എന്നോട് പറഞ്ഞപ്പോൾ എനിക്ക് സന്തോഷം തോന്നിയെന്ന് നവ്യ പറഞ്ഞു.
ഞാൻ സാരിയുടെ കാര്യം പറഞ്ഞപ്പോൾ ആദ്യം ചിന്തിച്ചത് ജനങ്ങളുടെ അഭിപ്രായം ആണ്. ആദ്യം ചിലപ്പോൾ നല്ലത് പറയും. പിന്നെ അത് മാറ്റിപ്പറയും എന്ന് മാത്രമാണ്. ഞാൻ അതേപ്പറ്റി ഒന്നും ആലോചിക്കുന്നില്ല. ഞാൻ ഇന്ന് ഇവിടെ കൊണ്ടുവന്ന സാധനങ്ങൾ എല്ലാം എനിക്ക് എന്നോടുള്ള ഇഷ്ടം കൊണ്ട് ജനങ്ങൾ സമ്മാനിച്ചതാണ്. ഇനിയും അതിൽ നിന്ന് എന്ത് കിട്ടിയാലും ഞാൻ ഇവിടെ കൊണ്ടുവരുമെന്നും നവ്യ കൂട്ടിച്ചേർത്തു.