ഇസ്ലാമാബാദ്; ഇന്ത്യയുടെ വളർച്ചയെ പുകഴ്ത്തി പാക്കിസ്ഥാൻ മുൻപ്രധാനമന്ത്രി നവാസ് ഷെരീഫ്. “നമ്മുടെ തകർച്ചയ്ക്ക് നമ്മളാണ് ഉത്തരവാദികൾ, അല്ലാത്തപക്ഷം ഈ രാജ്യം മറ്റൊരു നിലയിൽ എത്തുമായിരുന്നു.
അയൽക്കാർ (ഇന്ത്യ) ചന്ദ്രനിൽ എത്തിയിട്ടും പാക്കിസ്ഥാൻ ഇപ്പോഴും ഭൂമിയിൽ നിന്നും ഉയർന്നിട്ടില്ലെന്നും, ഇങ്ങനെ പോയാൽ ശരിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമബാദിൽ നടന്ന പിഎംഎൽ-എൻ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാന് നേരിട്ട വൈദ്യുത പ്രതിസന്ധിയെ അതിജീവിച്ചതിനെ പറ്റിയും ഷെറീഫ് സൂചിപ്പിച്ചു.
“2013ൽ കടുത്ത ലോഡ് ഷെഡിംഗ് ആയിരുന്നു. ഞങ്ങൾ വന്നു, അത് അവസാനിപ്പിച്ചു. രാജ്യത്തുടനീളമുള്ള തീവ്രവാദം അവസാനിപ്പിച്ചു. സമാധാനം പുനഃസ്ഥാപിച്ചു. കറാച്ചിയിൽ ഹൈവേകൾ നിർമിച്ചു. വികസനത്തിന്റെയും സമൃദ്ധിയുടെയും ഒരു പുതിയ യുഗം ആരംഭിച്ചു’.
തനിക്കെതിരെയും പിഎംഎല്‍ എന്‍ നേതാക്കള്‍ക്കെതിരെയും വ്യാജ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ പുരോഗതിക്ക് മുന്‍ഗണന നല്കിയാല് മാത്രമേ രാജ്യം വികസിക്കൂ എന്നും സ്ത്രീകൾ വികസനത്തിന് തുല്യ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
രാജ്യത്തിനായി പുരുഷന്മാരോടൊപ്പം സ്ത്രീകളും പ്രവർത്തിക്കുകയും മുന്നോട്ട് പോകുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ നാലു വർഷമായി ലണ്ടനിലായിരുന്ന അദ്ദേഹം അടുത്തിടെയാണ് പാക്കിസ്ഥാനിൽ തിരിച്ചെത്തിയത്.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാലാം തവണ മത്സരിക്കുകയാണ് അദ്ദേഹം. ഫെബ്രുവരി എട്ടിനാണ് പാക്കിസ്ഥാനിൽ പൊതു തെരഞ്ഞെടുപ്പ്.