ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിയുടെ ആത്മകഥയായ ‘ആന്‍ ഓര്‍ഡിനറി ലൈഫ് എ മെമ്മോയര്‍’ നെതിരെ തന്റെ ആദ്യ കാമുകിയെന്ന് സിദ്ദിഖി വിശേഷിപ്പിക്കുന്ന സുനിത രാജ്വര്‍. രഹസ്യ കാമുകിയായിരുന്ന നിഹാരിക സിങിന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് സുനിതയും എത്തിയിരിക്കുന്നത്. പുസ്തകത്തിലൂടെ സിദ്ധിഖി തന്നെ അപമാനിച്ചെന്നാണ് സുനിതയുടെ ആരോപണം. താനും സുനിതയും പ്രണയത്തിലായിരുന്നുവെന്നും പണക്കാരനല്ലാത്തതിനാല്‍ സുനിത തന്നെ ഒഴിവാക്കിയെന്നും സിദ്ദീഖി പുസ്തകത്തില്‍ പറയുന്നുണ്ട്. ഇതിനെതിരെയാണ് സുനിത രംഗത്തുവന്നത്. സിദ്ധിഖിയുടെ പുസ്തകത്തില്‍ പറയുന്നതില്‍ പലതും പച്ചക്കള്ളമാണെന്ന് സുനിത ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
സുനിതയുടെ പോസ്റ്റ് ഇങ്ങനെ:
‘സിദ്ദീഖി ഒരു സാങ്കല്‍പികലോകത്ത് ഇരുന്നാണ് പുസ്തകം എഴുതിയിരിക്കുന്നത്. അദ്ദേഹം പറയുന്നത് പ്രണയത്തിലുള്ള വിശ്വാസം നഷ്ടമായത് ഞാന്‍ കാരണമെന്നാണ്. നാഷ്ണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വച്ചാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. ഞങ്ങള്‍ പരസ്പരം കാണാറുണ്ടായിരുന്നു. അവിടെ പ്രണയമൊന്നും ഇല്ലായിരുന്നു.’സിദ്ദീഖിക്ക് മറ്റുള്ളവരുടെ സഹതാപം വേണം. അതിന് എന്ത് മാര്‍ഗവും ഉപയോഗിക്കും. ഇടയ്ക്കിടെ താന്‍ വംശീയ വിദ്വേഷത്തിന് പാത്രമായിട്ടുണ്ട് എന്ന് പറയുന്നതും അതിന്റെ ഭാഗമാണ്. സിദ്ദിഖി ധനികനല്ലാത്തത് കൊണ്ട് ഞാന്‍ ഉപേക്ഷിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.’
‘എനിക്ക് സ്വന്തമായി ഒരു വീട് പോലുമില്ല. അങ്ങനെ പണം തേടിപ്പോകുന്ന ഒരു വ്യക്തിയാണെങ്കില്‍ എനിക്ക് ഇപ്പോള്‍ ഒരു വീട് വയ്ക്കാമായിരുന്നു. സിദ്ദീഖി സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കണം.’ സുനിത പറയുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ്, മുന്‍ മിസ് ഇന്ത്യ മത്സരാര്‍ഥിയും നടിയുമായ നിഹാരിക സിംഗും സിദ്ദീഖിക്കെതിരെ രംഗത്ത് വന്നിരുന്നു. തന്നെക്കുറിച്ച് മോശം പരാമര്‍ശങ്ങളാണ് സിദ്ദീഖി പുസ്തകത്തില്‍ പ്രയോഗിച്ചിരിക്കുന്നതെന്ന് നിഹാരിക ആരോപിച്ചു.
ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നു പക്ഷേ അത് ഏതാനും മാസങ്ങള്‍ മാത്രമാണ് നീണ്ടത്. പക്ഷേ പുസ്തകം വിറ്റു പോകാന്‍ അയാള്‍ തന്നെ മോശക്കാരിയായി ചിത്രീകരിച്ചിരിക്കുകയാണ്. കിടപ്പറയിലേയ്ക്ക് ക്ഷണിച്ച പെണ്ണായാണ് പുസ്തകത്തില്‍ തന്നെ പറയുന്നത്. പുസ്തകം വിറ്റുപോകാന്‍ സ്ത്രീയെ എങ്ങനെയും ചിത്രീകരിക്കാന്‍ അയാള്‍ക്ക് മടിയില്ല. ഇതു കാണുമ്പോള്‍ ചിരിയാണ് വരുന്നതെന്നും നിഹാരിക പറഞ്ഞു.