മഹാരാഷ്ട്ര: കിഴക്കൻ മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ 27കാരൻ നക്സലുകളുടെ വെടിയേറ്റ് മരിച്ചു. പൊലീസ് ഇൻഫോർമറാണെന്ന് ആരോപിച്ചാണ് യുവാവിനെ നക്സലുകൾ വകവരുത്തിയത്. അഹേരി തഹസിൽ കപെവഞ്ച ഗ്രാമത്തിൽ താമസിക്കുന്ന രാംജി അത്റാമാണ് കൊല്ലപ്പെട്ടത്.
ഈയാഴ്ച മാത്രം നക്സലുകൾ നടത്തുന്ന ജില്ലയിലെ രണ്ടാമത്തെ കൊലപാതകമാണിതെന്ന് പൊലീസ്. യുവാവിന്റെ മൃതദേഹത്തോടൊപ്പം അക്രമികൾ കൈകൊണ്ട് എഴുതിയ ഒരു കുറിപ്പ് കൂടി വെച്ചിട്ടുണ്ടായിരുന്നു.
രാംജി അത്റാം ഒരു പൊലീസ് ഇൻഫോർമറാണ്, ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേനയുമായി ഒരു ഏറ്റുമുട്ടൽ നടന്നെന്നും വെടിവെപ്പിൽ ഒരു വനിതാ നക്സൽ കൊല്ലപ്പെട്ടെന്നുമായിരുന്നു കുറിപ്പിലെ സന്ദേശം.
അതേസമയം നക്സലുകൾ ഉന്നയിക്കുന്ന അവകാശവാദം പോലീസ് തള്ളി. ഇയാൾ ഇൻഫോർമറാണെന്ന ആരോപണം നുണയാണെന്ന് പോലീസ് പറഞ്ഞു. കത്തിൽ പറയുന്ന ഏറ്റുമുട്ടൽ നടന്നത് 14 മാസം മുമ്പാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.