കുന്നംകുളം:തകർന്ന കൂരകളിൽ താമസിച്ചിരുന്ന കുന്നംകുളം നഗരസഭ പരിധിയിലെ ചെറുവത്താനി നായാടി കോളനിയിലെ ആറ് കുടുംബങ്ങൾക്ക് വീടൊരുങ്ങി. മന്ത്രി എ.സി.മൊയ്തീന്റെ അഭ്യർഥനയെ തുടർന്ന് ജ്യോതി ലബോറട്ടറീസ് നിർമിച്ചു നൽകിയ വീടുകളുടെ സമർപ്പണം ശനിയാഴ്ച രാവിലെ 11.30ന് മന്ത്രി എ.സി.മൊയ്തീൻ നിർവഹിക്കും.
പി.കെ.ബിജു എംപി അധ്യക്ഷനാകും. ചെറുവത്താനി നായാടി കോളനിയിലെ പത്ത് സെന്റ് സ്ഥലത്താണ് 400 സ്ക്വയർഫീറ്റ് വിസ്തീർണമുള്ള ആറ് പുതിയ വീടുകൾ ഒരുക്കിയത്. ഹാൾ, ബെഡ്റൂം, അടുക്കള, വരാന്ത എന്നിവ ഉൾപ്പെടുത്തിയുള്ള വീടുകളുടെ നിർമാണം മൂന്നു മാസം കൊണ്ടാണ് ഉജാല പൂർത്തിയാക്കിയത്.
കിടപ്പാടമില്ലാതെയും ശുചിമുറി സൗകര്യങ്ങൾ ഇല്ലാതെയും കഴിഞ്ഞിരുന്ന ഇവരുടെ ദുരിതം അറിഞ്ഞ ഉജാല കന്പനി ചെയർമാൻ എം.പി.രാമചന്ദ്രൻ വീടുകളുടെ നിർമാണം ഏറ്റെടുക്കുകയായിരുന്നു. നായാടി കോളനി കുടുംബങ്ങളുടെ ശ്മശാനം, കാവ് എന്നിവ നിലനിർത്തിയാണ് പുതിയ വീടുകൾ ക്രമീകരിച്ചിരിക്കുന്നത്.