എം.വി. വസന്ത്
പാലക്കാട്: നായാടി സമുദായത്തെക്കുറിച്ചുള്ള പഠന ഗവേഷണങ്ങള്‍ക്കു കിര്‍ത്താഡ്സിനു നിര്‍ദേശം നല്കുമെന്നു സംസ്ഥാന പട്ടികവിഭാഗ ക്ഷേമമന്ത്രി എ.കെ. ബാലന്. രാഷ്ട്രദീപികയില്‍ നവംബര്‍ എട്ടുമുതല്‍ 12 വരെ പ്രസിദ്ധീകരിച്ച “ നായാടികള്‍- അയിത്തത്തിന്റെ അഴിയാക്കുരുക്ക്” എന്ന വാര്ത്താപരമ്പരയെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരയില്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയത്തെ ഗൗരവമായി കാണുന്നു. ഇതുസംബന്ധിച്ചു സര്‍ക്കാര്‍ തലത്തില്‍ പഠനം ആവശ്യമാണ്. കിര്‍ത്താഡ്സിനു ഇതുസംബന്ധിച്ച നിര്‍ദേശം ഉടന്‍ നല്‍കും. പഠനത്തിനനുസരിച്ചായിരിക്കും തുടര്‍നടപടികള്‍. പട്ടിവര്‍ഗ ലിസ്റ്റില്‍ നായാടി സമുദായത്തെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച കാര്യക്രമങ്ങലേക്കെത്തുക പഠനത്തിലെ നിഗമനങ്ങളുനസരിച്ചായിരിക്കും.
2009-ലെ കിര്‍ത്താഡ്സ് നിര്‍ദേശ പ്രകാരം കേന്ദ്രസര്‍ക്കാരിനു റിപ്പോര്‍ട്ടു സമര്‍പ്പിച്ചിരുന്നെങ്കിലും നായാടികളെ എസ്ടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയില്ല. നിയമത്തിലെ ചില നിഷ്കര്‍ഷകള്‍ പാലിക്കപ്പെട്ടില്ലെന്നതായിരുന്നു കാരണം. വാര്‍ത്താ പരമ്പരയിലൂടെ വെളിപ്പെടുത്തിയ സാധ്യതകള്‍ കൂടി പഠനത്തില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.കേരളത്തിലെ നായാടി സമൂഹം നേരിടുന്ന പിന്നോക്കാവസ്ഥയും പ്രതിസന്ധികളും അതിനുള്ള പ്രതിവിധികളുമായിരുന്നു വാര്‍ത്താ പരമ്പരയില്‍ പ്രതിപാദിച്ചിരുന്നത്. അയിത്തത്തിന്റെ മുന്‍തലമുറ ഭാരവും പേറി ഭിക്ഷാടകരായി ജീവിതം തള്ളിനീക്കുന്ന ഇവരെ മുഖ്യധാരയിലെത്തിക്കണമെന്നതായിരുന്നു അന്വേഷണ പരമ്പര ലക്ഷ്യമിട്ടത്. ആദ്യപടിയെന്നോണം നിലവില്‍ പട്ടികജാതിയില്‍ ഉള്‍പ്പെടുന്ന ഇവരെ പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നതായിരുന്നു പ്രധാന നിര്‍ദേശം.
എസ്ടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനു ചില നിഷ്കര്‍ഷകള്‍ കേന്ദ്രസര്‍ക്കാര്‍ വിവരിക്കുന്നുണ്ട്. ഇവരുടെ മുന്‍തലമുറക്കാര്‍ വനവാസികളായിരുന്നുവെന്നു തെളിയിയ്ക്കേണ്ടതടക്കം നിരവധി കടമ്പകളാണ് കിര്ത്താഡ്സിനുള്ളത്. വനവാസികളായിരുന്നെന്നു തെളിയിക്കുന്ന രേഖകള്‍ പ്രതിപാദിക്കാന്‍ അന്ന് കിര്‍ത്താഡ്സിനു കഴിഞ്ഞിരുന്നില്ല. റിപ്പോര്‍ട്ടു തള്ളാനും പ്രധാന കാരണമായതും ഇതാണ്. വനവാസികളായിരുന്നുവെന്ന സംബന്ധിച്ച വിവരങ്ങള്‍ വാര്‍ത്താ പരമ്പരയില്‍ വിശദമായി പ്രതിപാദിച്ചിരുന്നു. 1937- ലെ മദ്രാസ് മ്യൂസിയം രേഖകളിലൊന്നാണ് ഇതില്‍ പ്രധാനം. അന്നത്തെ മ്യൂസിയം സൂപ്രണ്ടും മലയാളിയുമായിരുന്ന എ. അയ്യപ്പന് ഐഎഎസിന്റെ മലബാറിലെ നായാടികളെക്കുറിച്ചുള്ള പഠനം 170 പേജുകള്‍ വരുന്നതാണ്.
നായാടി സമുദായത്തെക്കുറിച്ചുള്ള ഈ പഠന റിപ്പോര്‍ട്ടു സംസ്ഥാന സര്‍ക്കാരിന്റെ കൈവശമില്ല. ഇതു ലഭ്യമായാല്‍ പഠനഗവേഷണത്തിനു കിര്‍ത്താഡ്സിനു ഗുണകരമാകുമെന്നും വിലയിരുത്തപ്പെടുന്നു.