റോസ് മേരി
ഡിസ്നിയുടെ ആനിമേഷൻ സിനിമയായ ഫ്രോസണിലെ ഒരു മനോഹര ദൃശ്യമാണെന്നുതോന്നും ഇപ്പോൾ നയാഗ്ര നദികണ്ടാൽ. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ഇവിടെ ഇപ്പോൾ ഒരു തുള്ളി വെള്ളം പോലും ഒഴുകുന്നില്ല. വെള്ളമെല്ലാം തണുത്തുറഞ്ഞ് മഞ്ഞുകട്ടകളായി നിൽക്കുകയാണ്. ഒറ്റ നോട്ടത്തിൽ കഥകളിൽ മാത്രം വായിച്ചുകേട്ടിട്ടുള്ള നാർണിയ എന്ന ദേശമാണോ ഇതെന്ന് തോന്നിപ്പോകും.
അമേരിക്കയിലും കാനഡയിലും ഇപ്പോൾ അനുഭവപ്പെടുന്ന അതികഠിനമായ ശൈത്യമാണ് നയാഗ്ര നദിയെ ഫ്രീസ് ചെയ്യിച്ചത്. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടത്തെ കാണുന്നതിലും അദ്ഭുതത്തോടെയാണ് ആളുകളിപ്പോൾ ഈ ഫ്രോസണ് നയാഗ്ര കാണാനെത്തുന്നത്. നദിയുടെ ലക്ഷക്കണക്കിന് ചിത്രങ്ങളാണ് വിവിധ സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ പ്രചരിക്കുന്നത്.
പുതുവർഷത്തിൽ -12 ഡിഗ്രിയായിരുന്നു നയാഗ്ര ഉൾപ്പെടുന്ന കാനഡയിലെ ഉൗഷ്മാവ്. കാഴ്ചയ്ക്ക് ഭംഗിയുള്ളതാണ് നയാഗ്രയിലെ ഇപ്പോഴത്തെ കാഴ്ചയെങ്കിലും ഇത് വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്. അതിരൂക്ഷമായ കാലാവസ്ഥാ വ്യതിയാനമാണ് ഇപ്പോഴത്തെ ഈ അപൂർവ അവസ്ഥയ്ക്ക് കാരണം.
കാലാവസ്ഥാ വ്യതിയാനം തടയാൻ ശക്തമായ നടപടികളെടുത്തില്ലെങ്കിൽ ലോകം അതിശൈത്യത്തിലേക്കാണ് നീങ്ങുന്നതെന്ന് ഐക്യരാഷ്ട്രസംഘടനയുടെ കാലാവസ്ഥ പഠനകേന്ദ്രം കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയിരുന്നു. വരാനിരിക്കുന്ന ഐസ് ഏജിന്റെ മുന്നോടിയായാണ് നയാഗ്ര ഇപ്പോൾ തണുത്തുറഞ്ഞിരിക്കുന്നതെന്ന് പല കാലാവസ്ഥാ നിരീക്ഷകരും കരുതുന്നു.
തണുപ്പ് താങ്ങാനാവാതെ പെൻഗ്വിനുകൾ
കാനഡയിലെ തണുപ്പ് പെൻഗ്വിനുകൾക്കുപോലും താങ്ങാൻ വയ്യെങ്കിൽ അതിന്റെ കഠിന്യം ഊഹിക്കാവുന്നതേയുള്ളു. കാനഡയിലെ പടിഞ്ഞാറൻ അൽബേർട്ട പ്രവിശ്യയിലുള്ള കാൽഗറി മൃഗശാലയിലെ പെൻഗ്വിനുകളാണ് കൊടുംതണുപ്പിനെ അതിജീവിക്കാൻ കഴിയാതെ വലയുന്നത്. ഇവിടെയുള്ള അഞ്ചിനം പെൻഗ്വിനുകളിൽ തണുത്ത കാലാവസ്ഥയോട് പൊരുത്തപ്പെടാൻ കഴിയുന്നവയാണ് കിംഗ് പെൻഗ്വിനുകൾ. എന്നാൽ, ഇവയ്ക്കു പോലും അതിജീവിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു കാനഡയിലെ കാലാവസ്ഥ.
പുതുവത്സര ദിനത്തിൽ മൈനസ് 30 ഡിഗ്രി സെൽഷ്യസിലെത്തിയ ശൈത്യം കാറ്റ് വീശുമ്പോൾ 40 ഡിഗ്രിയായി കൂടിയ സാഹചര്യത്തിൽ, പക്ഷികൾക്കുള്ള ശൈത്യ നിലയുടെ പരിധി മൈനസ് 25 ആയി നിശ്ചയിക്കാൻ അധികൃതർ തീരുമാനിച്ചു. പത്ത് കിംഗ് പെൻഗ്വിനുകളെ ശീതീകരിച്ച പ്രത്യേക കൂടുകളിലേക്ക് സന്ദർശകർക്ക് കാണാനാകും വിധം മാറ്റിയിരിക്കുകയാണിപ്പോൾ. കഴിഞ്ഞ ഒരാഴ്ചയായി അതിശൈത്യത്തിന്റെ പിടിയിലാണ് കാനഡയിലെ ഭൂരിഭാഗം പ്രദേശങ്ങളും.