ന്യൂയോർക്ക്: നയാഗ്ര വെള്ളച്ചാട്ടത്തിനു സമീപം യുഎസ്-കാനഡ അതിർത്തിയിലുള്ള റെയിൻബോ ബ്രിഡ്ജിൽ കാർ പൊട്ടിത്തെറിച്ച് രണ്ടുപേർ കൊല്ലപ്പെട്ടു.
സംഭവത്തെ തുടർന്ന് അതിർത്തി അടച്ചു. മരിച്ചവരുടെ വിവരങ്ങൾ അറിവായിട്ടില്ല. കാർ ചെക്ക് പോയിന്റിലെ ബാരിയറിൽ ഇടിച്ച് തീപിടിച്ച് പൊട്ടിത്തെറിക്കുന്നതിന് മുമ്പ് അമിതവേഗതയിൽ സഞ്ചരിക്കുന്നതായി കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. എൻജിൻ ഒഴികെ എല്ലാം കത്തിനശിച്ചു.
കാനഡയ്ക്കും അമേരിക്കയ്ക്കും ഇടയിലുള്ള ഏറ്റവും തിരക്കേറിയ ക്രോസിംഗുകളിൽ ഒന്നാണ് റെയിൻബോ ബ്രിഡ്ജ്. 24 മണിക്കൂറും തുറന്നിരിക്കുന്ന ഇവിടെ 16 വാഹന പാതകളുണ്ട്.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന പോലീസും എഫ്ബിഐ ജോയിന്റ് ടെററിസം ടാസ്ക് ഫോഴ്സും സംസ്ഥാനത്തിലേക്കുള്ള പ്രവേശനത്തിന്റെ എല്ലാ പോയിന്റുകളിലും നിരീക്ഷണം ശക്തമാക്കി. അവധിക്കാലം വരുന്ന പശ്ചത്താലത്തിൽ അധികൃതർ സുരക്ഷാ മുന്നറിയിപ്പും നൽകി.