നയൻതാരയെ വിടാൻ ഒരുക്കമല്ലാതെ ഒരു സംവിധായകൻ. തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിക്ക് ഏറ്റവും അനുയോജ്യയായ താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നയൻതാര. നായികാ പ്രാധാന്യമുള്ള ഒരുപിടി ചിത്രങ്ങളുടെ ഭാഗമാണ് നയൻതാര ഇപ്പോൾ.
തനി ഒരുവൻ എന്ന ചിത്രത്തിന്റെ സംവിധായകൻ മോഹൻരാജക്ക് ഏറെ പ്രിയപ്പെട്ട നായികയായി മാറിയിരിക്കുകയാണ് നയൻതാര. തനി ഒരുവന് ശേഷം മോഹൻരാജ സംവിധാനം ചെയ്ത ചിത്രമായ വേലക്കാരനിലും നയൻതാരയായിരുന്നു നായിക. ഇപ്പോഴിതാ നയൻതാരയെ നായികയാക്കി നായികാപ്രാധാന്യമുള്ള സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് മോഹൻരാജ. തനി ഒരുവന് ശേഷം മോഹൻ രാജ സംവിധാനം ചെയ്യുന്ന ചിത്രമായി വേലക്കാരൻ സെപ്റ്റംബർ 29ന് തിയറ്ററിലെത്തും.
ശിവകാർത്തികേയൻ, ഫഹദ് ഫാസിൽ എന്നിവർക്കൊപ്പം ശക്തമായ കഥാപാത്രമായി നയൻതാരയുമുണ്ട്. വില്ലൻ വേഷത്തിലാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. തനി ഒരുവൻ തമിഴകത്ത് ശ്രദ്ധേയ വിജയം നേടിയ ചിത്രമായിരുന്നു. വില്ലൻ വേഷത്തിലും പ്രേക്ഷക മനസിൽ അരവിന്ദ് സ്വാമിക്ക് ഒരു പ്രത്യേക ഇടം ചിത്രത്തിലൂടെ ലഭിച്ചു. മോഹൻരാജയുടെ സഹോദരൻ ജയം രവിയായിരുന്നു ചിത്രത്തിലെ നായകൻ. ജയം രവിയുടെ ജോഡിയായിട്ടായിരുന്നു നയൻതാര ചിത്രത്തിൽ അഭിനയിച്ചത്.
പോലീസ് ഓഫീസറായി ജയം രവി എത്തിയപ്പോൾ വില്ലനായി എത്തിയത് അരവിന്ദ് സ്വാമിയായിരുന്നു. ഏറെക്കാലത്തിന് ശേഷം സിനിമയിലേക്ക് എത്തിയ അരവിന്ദ് സ്വാമിക്ക് ബ്രേക്ക് നൽകിയ ചിത്രമായിരുന്നു തനി ഒരുവൻ.മഹിമ എന്ന ഫോറൻസിക് വിദഗ്ധയുടെ വേഷമായിരുന്നു നയൻതാരയ്ക്ക്.
ചിത്രത്തിൽ മുഴുനീള കഥാപാത്രമായിരുന്നെങ്കിലും അത്ര പ്രാധാന്യമുള്ളതായിരുന്നില്ല നയൻസിന്റെ കഥാപാത്രം. അതേസമയം നയൻതാരയെ കേന്ദ്രകഥാപാത്രമാക്കി ഒരു ചിത്രം ഒരുക്കാൻ ഒരുങ്ങുകയാണ് മോഹൻ രാജ ഇപ്പോൾ. കഥ പൂർത്തിയാക്കിയ അദ്ദേഹം തിരക്കഥ ജോലികളിലേക്ക് ഉടൻ പ്രവേശിക്കും.