മലയാളികളുടെയെല്ലാം പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. നന്ദനം എന്ന ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള പുര്സകാരം നേടിയ നവ്യ മലയാളത്തിനു പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ശക്തമായ സാന്നിധ്യം അറിയിച്ച നടിയാണ്.
താന്‍ നിരസിച്ച ചില ചിത്രങ്ങളെക്കുറിച്ച് നവ്യ ഇടയ്ക്ക് ഒരഭിമുഖത്തില്‍ മനസ് തുറന്നിരുന്നു. നവ്യ നിരസിച്ച രണ്ട് ചിത്രങ്ങളും വലിയ വിജയങ്ങളായി മാറുകയും മറ്റൊരു താരത്തിന്റെ കരിയറില്‍ നിര്‍ണായകമായി മാറുകയുമായിരുന്നു.
2005-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായിരുന്നു അയ്യ. ശരത്കുമാര് ഇരട്ട വേഷത്തിലെത്തിയ ചിത്രത്തില്‍ നയന്‍താരയും നെപ്പോളിയനുമായിരുന്നു മറ്റ് പ്രധാനവേഷങ്ങളിലെത്തിയത്.
വടിവേലു, പ്രകാശ് രാജ്, ലക്ഷ്മി, രോഹിണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഹരിയായിരുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്.
ചിത്രം വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. നയന്‍താരയുടെ തമിഴ് അരങ്ങേറ്റ ചിത്രമായിരുന്നു അയ്യ. ചിത്രത്തിലെ ഒരു വാര്‍ത്തൈ… എന്ന പാട്ടും വലിയ ഹിറ്റായിരുന്നു.
എന്നാല്‍ ഈ ചിത്രത്തിലേക്കുള്ള ഓഫര്‍ ആദ്യം വന്നത് നവ്യയ്ക്കായിരുന്നു. എന്നാല്‍ അക്കാലത്ത് താന്‍ കൂടുതല്‍ മലയാള സിനിമകളായിരുന്നു ചെയ്തിരുന്നതെന്നും അതിനാല്‍ വേണ്ടെന്ന് പറയുകയായിരുന്നുവെന്നും നവ്യ പറയുന്നു.
ഇതോടെ ഈ ചിത്രത്തിലേക്ക് നയന്‍താര എത്തുകയായിരുന്നു. പിന്നെ നടന്നത് ചരിത്രമാണ്. ഇതുപോലെ തന്നെ രജനീകാന്ത് ചിത്രമായ ചന്ദ്രമുഖിയിലും തന്നെയായിരുന്നു ആദ്യം സമീപിച്ചിരുന്നതെന്നും എന്നാല്‍ നിരസിക്കുകയായിരുന്നുവെന്നും നവ്യ പറയുന്നു.
തനിക്ക് തമിഴ് ഭാഷ ഭയങ്കര ഇഷ്ടമാണെന്നും തമിഴ് എഴുതാനും വായിക്കാനും പഠിച്ചുവെന്നും നവ്യ പറയുന്നു. അതേസമയം തമിഴില്‍ തനിക്ക് പിന്നീട് നല്ല സിനിമകളൊന്നും ലഭിച്ചിരുന്നില്ലെന്നും നവ്യ പറഞ്ഞു.
-പിജി