വൻ വിജയം കൈവരിച്ച ചിത്രമാണ് മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ.
ചിത്രത്തിന്റെ തെലുങ്ക് റിമേക്ക് മെഗാസ്റ്റാർ ചിരഞ്ജീവി സ്വന്തമാക്കിയതോടെ ലൂസിഫറിന്റെ തെലുങ്ക് പതിപ്പും കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
പ്രശസ്ത സംവിധായകൻ സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ചിരഞ്ജീവിയുടെ മകൻ രാംചരണ്‍ തേജയാണ് നിർമിക്കുന്നത്. തെലുങ്കിൽ മോഹൻലാലിന്റെ റോളിൽ ചിരഞ്ജീവി എത്തുന്പോൾ മലയാളത്തിൽ മഞ്ജു വാര്യർ മികവുറ്റതാക്കിയ പ്രിയദർശിനി രാംദാസായി ആരെത്തുമെന്ന് ആരാധകർ ചോദിച്ചിരുന്നു.
ലൂസിഫറിന്റെ തെലുങ്ക് പതിപ്പിൽ ഒരു പ്രധാന വേഷത്തിൽ നയൻതാരയെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ഒൗദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ലൂസിഫറിൽ മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസ് എന്ന വേഷത്തിലാകും നയൻസ് എത്തുകയെന്നാണ് സൂചന.
മഞ്ജുവിന്റെ വേഷം ചെയ്യാൻ സുഹാസിനി, വിജയശാന്തി, ജെനീലിയ ഡിസൂസ, ഖുശ്ബു, രമ്യാ കൃഷ്ണൻ തുടങ്ങി നിരവധി നടിമാരെ പരിഗണിച്ചിരുന്നു.
നേരത്തെ തൃഷയായിരിക്കും പ്രിയദർശിനി രാംദാസ് ആയി എത്തുകയെന്നും ചില റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനുശേഷമാണ് ഈ വേഷം ചെയ്യാൻ നയൻതാരയെ സംവിധായകൻ സമീപിച്ചത്.
ചിത്രത്തിന്റെ ഭാഗമാകാൻ നയൻതാര സമ്മതിച്ചിട്ടുണ്ടെങ്കിലും ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 21 മുതൽ തുടങ്ങുമെന്നാണ് റിപ്പോർട്ട്.